രാഷ്ട്രനിർമ്മാതാക്കളുടെ ശ്രദ്ധയ്ക്ക്

ഇന്നലെ വൈകുന്നേരം കുണ്ടറ മുക്കട വഴി കടന്നുപോയപ്പോൾ, ബസ്റ്റോപ്പിന് സമീപമുള്ള പച്ചക്കറി കടയുടെ മുന്നിൽ കല്യാണവീടിലെന്നപോലെ ഒരു പന്തൽ. കൊട്ടാരക്കരയ്ക്ക് പോകാൻ ബസിനായി കാത്തുനിൽക്കുന്ന നിരവധി യാത്രക്കാരുടെ ബസ്റ്റോപ്പ് മുതൽ വാഹനങ്ങൾ വളഞ്ഞുവരുന്ന ഭാഗം വരെ രണ്ടിലധികം ബസുകൾ എപ്പോഴും നിരത്തിയിട്ടിരിക്കുന്ന തിരക്കുള്ള ജംഗ്ഷൻ. ബസുകൾ നിർത്താൻ ഫുട്പാത്ത് മുഴുവൻ ഇന്റർലോക്കിങ് ബ്ലോക്കുകൾ ഇട്ടിരിക്കുന്നു. പിറകിൽ റെയിൽവേ കമ്പൗണ്ട് അതിക്രമിച്ച് പണിതതായി തോന്നുന്ന പച്ചക്കറിക്കടകളുടെ നിരനിരയായ ഷെഡുകൾ. ഈ പച്ചക്കറിക്കടകൾക്ക് മുന്നിലെ ഇന്റർലോക്കിങ്ങിന് മുകളിലായിരുന്നു മേൽപ്പറഞ്ഞ പന്തൽ.
മുക്കട ജംഗ്ഷൻ കടക്കുമ്പോൾ പിന്നിൽനിന്ന് വിപ്ലവഗാനം കേട്ടതായി തോന്നി. തിരിഞ്ഞുനോക്കില്ലെന്ന് ഉറപ്പിച്ച് ശ്വാസം പിടിച്ച് വാഹനം ഓടിച്ച് ന്യൂ സ്റ്റോറിന് മുന്നിൽ നിർത്തി. വീട്ടിലേക്കൊരു ചൂൽ വാങ്ങണമായിരുന്നു. എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നതെന്നാലോചിച്ച് തിരികെ ആ വഴിയിലൂടെ വരാതെ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കറങ്ങി പുന്നമുക്കിലേക്ക് പോയി.
ഇളന്പള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ മുന്നിലൂടെയുള്ള ഇറക്കം ഇറങ്ങുമ്പോഴാണ് നാട്ടുകാരൻ അജീഷിനെ തിരികെ വിളിക്കേണ്ടതായിരുന്നു എന്ന് ഓർത്തത്. പെരുന്പുഴ താഴെ ആഡിറ്റോറിയത്തിന്റെ മുന്നിൽ കൊട്ടിയം കുണ്ടറ റോഡിലാകെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ ഇന്നലെ വൈകുന്നേരം സമീപവാസികൾക്ക് സ്വന്തം വീട്ടിലേക്ക് കയറാനോ വാഹനം കയറ്റാനോ പോലും ഇടമില്ലാത്തത് പ്രശ്നമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതെന്തായി എന്നറിയണമായിരുന്നു.
ഫോൺ വിളിച്ച് അതുതന്നെ ആദ്യം ആരാഞ്ഞു. ആരോ 112-ൽ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് പോലീസ് വന്ന് സംഘാടകരോട് വാഹനം മാറ്റാൻ പറഞ്ഞതിനുപ്രകാരം വാഹനങ്ങൾ ഒഴിവാക്കിയെന്ന് അജീഷ് പറഞ്ഞു.
RC1/262/2022/LSGD തീയതി 12.12.2024 എന്ന ഉത്തരവനുസരിച്ച് പൊതുനിരത്ത് തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിയാത്ത പാവം ആഡിറ്റോറിയം ഉടമ. ഗ്രാമപഞ്ചായത്തിന് ഓരോ വാഹനത്തിനും 5000 രൂപ പിഴയിടാൻ അധികാരമുണ്ടെന്ന് ഉത്തരവിലുണ്ടെന്ന് ഞാൻ അജീഷിനോട് പറഞ്ഞു. “അങ്ങനെയൊക്കെയുണ്ടോ അണ്ണാ?” എന്ന് അദ്ദേഹം ചോദിച്ചു. പൊതുനിരത്തിൽ കൊടി കെട്ടിയാൽ പോലും ഓരോ കൊടിക്ക് 5000 രൂപ പിഴയിടാനും, അത് ഈടാക്കിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 5000 രൂപ വീതം സ്വയം അടയ്ക്കാനും പറഞ്ഞിരിക്കുന്ന WP(C) NO. 22750 OF 2018 ഹൈക്കോടതി ഉത്തരവ് വായിക്കാത്തവരോട് എന്തു പറയാൻ? വാഹനം വിട്ടുപോകാൻ ഒരുങ്ങിയപ്പോൾ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു.
“അണ്ണന്റെ വീട്ടിലേക്ക് പോകുന്ന രണ്ടു വഴിയിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നല്ലേ, അവിടെ ബൈക്കുമായി രണ്ടു സ്ത്രീകൾ മറിഞ്ഞുവീണത് ഞാൻ കണ്ടിരുന്നു.” ഞാൻ ചോദിച്ചു: “എന്നിട്ട് നീ എന്തു ചെയ്തു?” “ഞാൻ പഞ്ചായത്ത് അംഗത്തോട് പറഞ്ഞിരുന്നു.” “എന്തിനാണ്!” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഫോൺ വെച്ച് യാത്ര തുടർന്നു.
ഇന്ന് രാവിലെ ആ വഴി വന്നപ്പോൾ ശരിയാണ്, വളരെ അപകടകരമായ കുഴിയാണ് റോഡ് വന്ന് മെയിൻ റോഡിൽ കയറുന്ന ഭാഗത്തുള്ളത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടുന്നതിന് കുഴിച്ചതാണ്. നിയമപരമായി ചെയ്യേണ്ടവിധത്തിൽ കുഴി അടച്ചിട്ടില്ലാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് ഇളകിപ്പോകുകയും, മഴയിൽ മണ്ണ് ഒലിച്ചുപോകുകയും ചെയ്തിരിക്കുന്നു. റോഡിലെ കുഴികളുടെ രണ്ടുമൂന്ന് ഫോട്ടോകൾ എടുത്തു. അതുവച്ച് പൊതുമരാമത്ത് മന്ത്രിക്ക് min.pwd@kerala.gov.in എന്ന മെയിലിലേക്ക് ചിത്രങ്ങൾ സഹിതം അയച്ചു. “ഞങ്ങളുടെ നാട്ടിലെ ഇനിയൊരു സ്ത്രീയും ഇവിടെ ബൈക്കിൽനിന്ന് വീഴാതെ നോക്കണം” എന്ന കുറിപ്പും കൂടെ ചേർത്തു. അപ്പോൾതന്നെ “ഉടൻ പരിഹരിക്കാം” എന്ന മറുപടിയും ലഭിച്ചു. കേരളത്തിലെ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്മെന്റ് കിടുവാണല്ലേ. പിന്നെ പി.ഡബ്ലു.ഡി.യിൽനിന്നും വിളിക്കുന്നു, വാട്ടർ അതോറിറ്റിയിൽനിന്നും വിളിക്കുന്നു. ഉടൻ ശരിയാക്കാമെന്ന് ഉറപ്പു നൽകുന്നു. നടന്നാൽ മതി!
ഇനി പറഞ്ഞുപോന്ന പ്രധാന വിഷയത്തിലേക്ക് വരാം. വീട്ടിലെത്തിയ ഞാൻ രാത്രി ഫേസ്ബുക്ക് ഉരുട്ടിക്കളിക്കുകയായിരുന്നു. അപ്പോഴാണ് നമ്മുടെ പ്രിയപ്പെട്ട എസ്.എൽ. സജികുമാർ സഖാവിന്റെ ലൈവ് കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ലിങ്ക്-1, ലിങ്ക്-2, ലിങ്ക്-3 കുണ്ടറ മുക്കട ബസ്റ്റോപ്പിനോട് ചേർന്ന് എൽ.ഡി.എഫിന്റെ പ്രക്ഷോഭ സമരത്തിന്റേതായിരുന്നു അത്.
ഇടതുപക്ഷ സമരങ്ങൾ മാറ്റിമറിച്ച കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഞാൻ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒരുതരത്തിലും വിയോജിപ്പ് രേഖപ്പെടുത്തുന്നില്ല. അവയെല്ലാം കാലത്തിന്റെ അനിവാര്യതകളാണ്. ഓരോ പ്രക്ഷോഭങ്ങളും കൂടുതൽ പരിഷ്കൃതമായ ഒരു സമൂഹസൃഷ്ടിയിലേക്ക് നയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
പക്ഷേ ഇവിടെ ഈ പ്രോഗ്രാമിന് തിരഞ്ഞെടുത്ത സ്ഥലവും രീതിയും നടത്തിപ്പും തെറ്റായിപ്പോയി. അൽപം പിറകിലേക്ക് മാറിയാൽ സെറാമിക്സിന്റെ വിശാലമായ ഫുട്ബോൾ മൈതാനമുണ്ട്, കുണ്ടറയിൽ ആഡിറ്റോറിയങ്ങളുണ്ട്, ഇളന്പള്ളൂർ കമ്മ്യൂണിറ്റി ഹാളുമുണ്ട്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്രപോകുന്നവരുടെ തിരക്കുപിടിച്ച ജീവിതയാത്രയിൽ വഴിയിൽ ഇറങ്ങി പച്ചക്കറി വാങ്ങാനിറങ്ങുന്ന കടകളിൽനിന്നും സാധന സാമഗ്രികൾ വാങ്ങാനിറങ്ങുന്ന ജനങ്ങളുടെ കണ്ണിൽപ്പെടാനാണോ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടത്തുന്നത്? കേൾവിക്കാരനെ ആകർഷിച്ച് ആഡിറ്റോറിയങ്ങളിലേയ്ക്കോ നിങ്ങൾ ക്രമീകരിക്കുന്ന ഇടങ്ങളിലേയ്ക്കോ എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പോലും നഷ്ടപ്പെട്ടുപോയുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
RC1/262/2022/LSGD തീയതി 12.12.2024 ഉത്തരവനുസരിച്ച് പൊതുറോഡുകളിലോ നടപ്പാതകളിലോ തൂണുകൾ, ബാനറുകൾ, കമാനങ്ങൾ, അലങ്കാരങ്ങൾ എന്നിവ സ്ഥാപിക്കുന്നത് കുറ്റകരമായ നിയമലംഘനമാണ്. ഇത് പൊതുജനങ്ങളുടെ സുരക്ഷിത സഞ്ചാരത്തിന് നേരിട്ട് തടസ്സമാകുന്നു. അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പൊതുജനസുരക്ഷയെ അവഗണിക്കുന്ന ഗുരുതരമായ കുറ്റവും കോടതിയലക്ഷ്യവുമാണ്. ട്രാഫിക് തടസ്സവും റോഡ് അപകടങ്ങളും ഉണ്ടാക്കി പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങളിൽ നിന്ന് രാഷ്ട്രനിർമ്മാണ പ്രവർത്തകർ പിന്മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ വൈദ്യുതി ഉപയോഗവും Electricity Act 2003, National Electrical Code of India 2023, CEA regulation (MRS & ES) 2023 എന്നിവ പാലിച്ചും അനുമതി വാങ്ങിയും മാത്രമേ പാടുള്ളൂ. പൊതുനിരത്തിൽ വൈദ്യുതി സംബന്ധമായ ഇത്തരം താൽക്കാലിക സ്ഥാപനങ്ങൾക്ക് അനുമതി ലഭിക്കുകയില്ലെന്നത് നഗ്ന സത്യമാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയും കരുതലും കാണിക്കാതിരുന്നതാണ് കേരളത്തിൽ ഈയടുത്ത് നിരവധി വൈദ്യുതി അപകടങ്ങൾക്ക് കാരണമായത്. നിരവധി ലൈറ്റ് ആൻറ് സൌണ്ട് കാരും ഈ അപകടമരണത്തിന് പാത്രിഭവിച്ചിട്ടണ്ട് എന്നകാര്യം സ്മരണീയമാണ്. നമ്മുടെ കൊല്ലം ജില്ലയിൽ തന്നെ 2025-ൽ മാത്രം എത്രയെത്ര വൈദ്യുതി അപകട മരണങ്ങൾ നടന്നിട്ടുണ്ട്. എൻറെ വീടിനടുത്ത് പെരുന്പുഴ കെ.എസ്.ഇ.ബി. സെക്ഷൻറെ കീഴിൽ ഒരു വയോധികൻ 3 ദിവസം മുന്പ് പൊട്ടിവീണ് തറയിൽ കിടന്ന കന്പിയിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. 3 ദിവസമായി തറയിൽ കിടന്ന കന്പിയിൽ എങ്ങനെ കറണ്ടുവന്നു എന്നു ചോദിക്കാൻ, ചോദ്യം ചെയ്യാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവും കാണില്ല, കാരണം വൈദ്യുതി നിയമങ്ങളെക്കുറിച്ചും അതിൻറെ ലംഘനങ്ങളെക്കുറിച്ചും ഒരു രൂപവുമില്ല എന്നതാണ് ഇവരുടെ പ്രത്യേകത. രാഷ്ട്രനിർമ്മാണ പ്രവർത്തകർ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചിട്ട് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിൽ എന്തു നീതിയാണുള്ളത്?
വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ച S.R Sounds ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി വാങ്ങിയിട്ടുണ്ടോ? ആ വൈദ്യുതി സ്ഥാപനങ്ങളെല്ലാം നിയമപരമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ? അവിടേക്ക് കടത്തിവിട്ട വൈദ്യുതി KSEB-യുടേതാണെങ്കിൽ, അതിന് മീറ്റർ കണക്ഷൻ താൽക്കാലികമായി എടുത്തതാണോ, അതോ സമീപത്തെ കടകളിൽ നിന്ന് അനധികൃതമായി മോഷ്ടിച്ച് ഉപയോഗിച്ചതാണോ? ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി എടുത്തതെങ്കിൽ, അതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും KSEB-യിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ടായിരുന്നോ? National Electrical Code of India 2023 പ്രകാരമുള്ള വൈദ്യുതി ഉപകരണങ്ങളും വയറുകളുമായിരുന്നോ ഇവിടെ സ്ഥാപിച്ചിരുന്നത്? ആണെങ്കിൽ വൈദ്യുതി സംബന്ധമായ സുരക്ഷ പാലിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് അംഗീകരിക്കാം.
അല്ലാത്തപക്ഷം വൈദ്യുതി സുരക്ഷ പാലിക്കാതെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരണ നൽകുകയാണ് ഇവിടെ സംഘാടകർ ചെയ്തത്. ഇത്തരം സംഘാടകർ തന്നെയാണ് കേരളത്തിൽ, പ്രത്യേകിച്ച് കൊല്ലം ജില്ലയിൽ നടന്ന എല്ലാ വൈദ്യുതി അപകട മരണങ്ങൾക്കും ഉത്തരവാദികൾ.
S.R Sounds അവിടെ സ്ഥാപിച്ചിരുന്ന ശബ്ദ സംവിധാനങ്ങൾക്ക് ശാസ്താംകോട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? കുണ്ടറ പോലീസ് അധികാരികൾ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ? ഉണ്ടാകില്ലെന്നതാണ് ചുവടെ ചേർക്കുന്ന നിയമഭാഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നത്.
ഇന്ത്യയിലെ ശബ്ദമലിനീകരണം തടയാൻ 2000-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി നടപ്പിലാക്കി പരിപാലിച്ചുപോരുന്ന ലോകോത്തര ചട്ടമായ The Noise Pollution (Regulation and Control) Rules 2000-ലെ വ്യവസ്ഥകൾ: 5(1) രേഖാമൂലമായ അനുമതിയല്ലാതെ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കാൻ പാടില്ല, 5(4), 5(5) സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ പാടില്ല (ഇവിടെ പൊതുനിരത്തിൽ എന്താണ് സ്വന്തം സ്ഥലപരിധി?). Kerala Police Loudspeaker License Conditions U6-30380-ലെ വ്യവസ്ഥകളിലെ “11. No Loudspeaker will be allowed to be used on public roads or near busy junction which is likely to cause public nuisance and hindrance to the smooth flow of traffic” ഉൾപ്പെടെയുള്ള നിരവധി വ്യവസ്ഥകൾ പാലിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ഇവിടെ പറയേണ്ടി വരുന്നത്?
ശബ്ദമലിനീകരണത്തിന്റെ വിനാശകരമായ ആഘാതം പൊതുജനാരോഗ്യത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണ്. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് ഒന്ന് കൂടുതൽ ആഴത്തിൽ എത്തിനോക്കാം.
(Supreme Court order in W.P.(C) No. 3735/2005, KeSCPCR 1553/02/LA1/2022 & 8362/02/LA1/2019, ലോകാരോഗ്യ സംഘടനയുടെതുൾപ്പെടെയുള്ള ലേഖനങ്ങളിൽ നിന്നും)
- ഹൃദയാഘാതം, ഹൃദ്രോഗം, രക്തസമ്മർദ്ദ വർധനവ്, ഹൃദയമിടിപ്പിന്റെ അസാധാരണ വർധനവ് – ഇവയെല്ലാം ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്ന പ്രത്യക്ഷ ഫലങ്ങളാണ്.
- മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഭീകരമാണ്. ഉത്കണ്ഠ, വിഷാദരോഗം, ഉറക്കക്കുറവ്, ഉറക്കമില്ലായ്മ, അനിയന്ത്രിതമായ കോപം, അക്രമപ്രവണത – ഇവയെല്ലാം ശബ്ദമലിനീകരണത്തിന്റെ ദുഷ്ഫലങ്ങളാണ്.
- എന്നാൽ ഏറ്റവും ഹൃദയഭേദകമായ കുറ്റം കുട്ടികളുടെ ഭാവിക്കെതിരായി ചെയ്യപ്പെടുന്നതാണ്. നിരപരാധികളായ കുട്ടികളിൽ ജനിതക വൈകല്യങ്ങൾ, ADHD, ഡിസ്ലെക്സിയ, ശ്രദ്ധക്കുറവ്, പഠനബുദ്ധിമുട്ടുകൾ എന്നിവ സൃഷ്ടിക്കുന്ന ഈ നിർദയമായ പ്രവൃത്തി വരുന്ന തലമുറയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടുന്നു. വിദ്യാഭ്യാസത്തിലും വ്യക്തിത്വവികാസത്തിലും ശബ്ദമലിനീകരണം അതിശക്തമായ തടസ്സമാണ്.
- ഗർഭിണികളും ഗർഭസ്ഥ ശിശുക്കളും അനുഭവിക്കുന്ന പീഡനം കൂടുതൽ ഭയാനകമാണ്. സമയമെത്താതെയുള്ള പ്രസവം, ജനനസമയത്ത് കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾ, ഗർഭച്ഛിദ്രം – ഇവയെല്ലാം ശബ്ദമലിനീകരണം മൂലം സംഭവിക്കാവുന്ന ദാരുണമായ പരിണതഫലങ്ങളാണ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് “ഞങ്ങൾ എന്തു തെറ്റ് ചെയ്തു?” എന്ന് നിഷ്കളങ്കമായി ചോദിക്കാൻ കഴിയുമോ?
ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2019-ലെ ശബ്ദമലിനീകരണ പരിപാലനത്തിനുള്ള നിർണായക ഉത്തരവ് കേരളത്തിൽ ഇന്നും വെളിച്ചം കാണാത്ത യാഥാർത്ഥ്യം എത്ര വേദനാജനകമാണ്! Central PCB യുടെ Letter No A-140111-1-2021-MON dated 27.04.2021 പ്രകാരം ലഭിച്ച O.A. No. 519/2016 ഉത്തരവ് നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. 519/2016 ഉത്തരവ് കേരളത്തിൽ ലഭ്യമായത് 2019 മുതൽ ആണെന്നും കേരളം ഭരിക്കുന്നത് അതിനുശേഷം ഇടതുപക്ഷ സർക്കാരാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഗുജറാത്ത് സർക്കാർ 2019-ൽ തന്നെ GPCB Circular No. GPCB/LGL/NGT: GENERAL: 115(2)/528796 പ്രകാരം ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നു. ഈ ഉത്തരവിൽ Sound Limiter ഇല്ലാതെ loudspeaker വിൽക്കുന്നതും സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാക്കിയിരുന്നു. നിർമാതാക്കൾ മുതൽ ഉപഭോക്താക്കൾ വരെയുള്ള എല്ലാവർക്കും ബാധകമായ കർശന നിയമങ്ങൾ പാലിക്കാൻ ഗുജറാത്ത് നിർബന്ധിതമാക്കിയിരുന്നു. ലംഘിക്കുന്നവരുടെ ഉപകരണങ്ങൾ ഉടൻ പിടിച്ചെടുക്കലും ₹10,000 പിഴയും 519/2016 ഉത്തരവിൽ ഉള്ളതുപോലെ നിർദ്ദേശിച്ചിരുന്നു.
കേരളത്തിന്റെ നിഷ്ക്രിയത്വത്തിന്റെ വില എത്ര കാഠിന്യമേറിയതാണെന്ന് മനസ്സിലാക്കണം. NGT O.A. Nos. 519/2016 ഉത്തരവ് 01.11.2021 വരെ നടപ്പാക്കാത്തതിന് സംസ്ഥാന പോലീസ് മേധാവി പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യുണൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കനുസരിച്ച് അത് 5 കോടിയിലേറെയായി! National Green Tribunal Act 2010 Chapter IV പ്രകാരം ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് അവഗണിക്കുന്നവർക്ക് 10 കോടി രൂപ പിഴയും 3 വർഷം തടവും ലഭിക്കും.
Supreme Court Order W.P.(C) No. 3735/2005 പ്രകാരം ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും, റസിഡൻഷ്യൽ അസോസിയേഷനുകൾ വഴി ബോധവൽക്കരണം നടത്താനും, GO (P) No 06/2015 Env dated 28.04.2015 പ്രകാരം ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് ലഘുലേഖകൾ വിതരണം ചെയ്ത് ജനങ്ങളെ ബോധവത്കരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയതുപോലെ തന്നെ ശബ്ദമലിനീകരണത്തിന്റെ വിഷയത്തിലും ചെയ്യേണ്ടതായിരുന്നു. എന്നാൽ മാറിമാറി വന്ന കേരളത്തിലെ സർക്കാരുകളും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും, ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ഈ ദൗത്യത്തിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.
Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others കേസിൽ 2000 ൽ സുപ്രീം കോടതി വ്യക്തമാക്കിയത്, മതസ്ഥാപനങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് മതാവകാശത്തിന്റെ പരിധിയിൽ വരുന്നില്ല എന്നാണ്. ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരാവകാശത്തിന് മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു പൗരന് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് ഈ വിധിന്യായത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
G.O.(P).No. 111/2002 dated 29th July 2002 പ്രകാരം ശബ്ദമലിനീകരണ ചട്ടം ലംഘനത്തിന് നടപടിയെടുക്കാനുള്ള അധികാരികളെ കേരളത്തിൽ നിയമിച്ചിട്ടുണ്ട് – ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവർ. എല്ലാ പ്രദേശത്തും നിയമാനുസൃത ശബ്ദനില പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇവരുടെ കടമയാണ്. ശബ്ദനില അതിരുകടക്കുന്നതായി കണ്ടെത്തിയാൽ സ്വമേധയാ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം അവർക്കുണ്ട്. Environment Protection Act 1986 Section 15 പ്രകാരം ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ലംഘിക്കുന്നവർക്ക് 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കും.
കുണ്ടറ മുക്കടയിൽ നടന്നത് ശബ്ദമലിനീകരണ ചട്ടം ലംഘനമാണ്. കൂടാതെ Electricity Act 2003, National Electrical Code of India 2023, CEA regulation (MRS & ES) 2023 എന്നിവയുടെയും RC1/262/2022/LSGD dated 12.12.2024, High Court Order ഉത്തരവിന്റെയും ലംഘനവുമാണ്.
നിയമത്തിന്റെ കൈകൾ എത്ര ദീർഘമാണെന്ന് മറക്കരുത്. ഇതുവരെ നടപടിയുണ്ടായില്ല എന്നത് കുറ്റകൃത്യം തുടരാനുള്ള അനുമതിയല്ല. പൊതുജനങ്ങളുടെ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും പേരിൽ ഇത്തരം വിനാശകരമായ പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ ക്ഷേമത്തെയും സുരക്ഷയെയും നിഷ്ഠൂരമായി അവഗണിക്കുന്ന ഈ വിനാശകരമായ പ്രവൃത്തികൾ അവസാനിപ്പിച്ച് നിയമാനുസൃത മാർഗങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുകയാണ് പരിഷ്കൃത സമൂഹ സൃഷ്ടിയിലേക്കുള്ള അടിസ്ഥാന മാർഗം.
ഇനിയെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ കാണുന്ന പൊതുജനങ്ങൾ ഉടൻ പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കേണ്ടതാണ്. നിശബ്ദത പാലിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. പൊതുജനാരോഗ്യവും സുരക്ഷയും സമാധാനപരമായ അന്തരീക്ഷവും എല്ലാവരുടെയും അനിഷേധ്യമായ മൗലികാവകാശങ്ങളാണ്. ഇവ ലംഘിക്കുന്നത് മനുഷ്യത്വത്തിനെതിരായ ക്ഷമിക്കാനാവാത്ത കുറ്റകൃത്യമാണ്.
നിയമലംഘനം കണ്ടാൽ 112 എന്ന പോലീസ് എമർജൻസി നന്പറിൽ വിളിച്ചുപറഞ്ഞിട്ട് മാത്രം കടന്നുപോകുക.
നന്ദി
Manu A S
Campaign Co-ordinator “Silence the Noise” by esSense Global
Contact Information:
grievances@essenseglobal.com
Web Resources:
https://essenseglobal.com/activism/silence-the-noise
ആർട്ടിക്കിളിനൊപ്പമുള്ള ഡോക്യുമെൻറ് ലിങ്കുകൾ ക്ലിക്ക് ചെയ്താൽ തുറന്ന് കാണാവുന്നതാണ്. തുറന്നുവരാൻ തടസ്സം നേരിട്ടാൽ grievances@essenseglobal.com എന്ന ഈ മെയിലിൽ ഏത് ഡോക്യുമെൻറ് ആണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ ഈ മെയിൽ റിപ്ലേ ആയി ഡോക്യുമെൻറ് അയച്ചുനൽകാം.