ശബ്ദമലിനീകരണം കുറ്റകരമാണ് അത് നിങ്ങളെ പ്രശ്നത്തിലാക്കും

ചെയ്യരുത് – കണ്ടു നിൽക്കരുത് – പ്രേരിപ്പിക്കരുത്. ഉടൻ 112 ൽ വിളിച്ച് അധികാരികളെ അറിയിക്കുക.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. ഈ അവകാശം സംരക്ഷിക്കുന്നതിനായി 2000-ൽ ഇന്ത്യൻ പാർലമെന്റ് “ശബ്ദ മലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ” നിലവിൽ വരുത്തിയിട്ടുണ്ട്.

വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവൃത്തികൾ, പടക്കം, ലൗഡ് സ്പീക്കറുകൾ, വാഹന ഹോൺ തുടങ്ങിയവയുടെ ചട്ടവിരുദ്ധ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കുട്ടികളിൽ: ശ്രദ്ധക്കുറവ്, ഡിസ്‌ലെക്‌സിയ, പഠനവൈകല്യം. ഗർഭിണികളിൽ: അകാലപ്രസവം, കുറഞ്ഞ ഭാരമുള്ള കുഞ്ഞിന്റെ ജനനം, ഗർഭച്ഛിദ്രം. മുതിർന്നവരിൽ: ശ്രവണനഷ്ടം, ടിന്നിറ്റസ്, അൽഷൈമേഴ്‌സ്, ഡിമെൻഷ്യ, ഓർമ്മക്കുറവ് എന്നിവയ്ക്ക് ശബ്ദമലിനീകരണം കാരണമാകാം എന്ന പഠനങ്ങൾ നിലവിലുണ്ട്.

Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത്: • ആരാധനാലയങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമല്ല • ഒരാൾക്ക് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ പാടില്ല • പൗരാവകാശത്തിന് മുകളിൽ മറ്റൊന്നും നിലനിൽക്കുകയില്ല എന്നാണ്.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, വനമേഖലകൾ/വന്യജീവി സങ്കേതങ്ങൾ, പ്രവർത്തന സമയത്തെ പബ്ലിക് ഓഫീസുകൾ, തിരക്കുള്ള പൊതു നിരത്തുകൾ/ജംഗ്ഷനുകൾ ഇവയുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലകളാണ്. ഈ മേഖലകളിൽ ലൗഡ് സ്പീക്കർ ഉപയോഗവും പടക്കം പൊട്ടിക്കലും നിയമലംഘനമാണ്.

ചട്ടം 5(1) പ്രകാരം ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അധികാരികളിൽ നിന്ന് രേഖാമൂലമായ അനുമതി ആവശ്യമാണ്. ചട്ടം 5(2) പ്രകാരം രാത്രി 10 മണി മുതൽ പ്രഭാതം 6 മണി വരെ ലൗഡ് സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, പടക്കം, ഹോൺ എന്നിവയുടെ ഉപയോഗം കുറ്റകരമാണ്.

ചട്ടം 5(4), 5(5) പ്രകാരം പുറപ്പെടുവിക്കുന്ന സ്വന്തം സ്ഥലത്തിന്റെ അതിർത്തിയിൽ എത്തുന്ന ശബ്ദം ആ മേഖലയ്ക്ക് അനുവദനീയമായ പരമാവധി പരിധിയെക്കാൾ കൂടുതലാകരുത്. വ്യാവസായിക മേഖലയിൽ പകൽ 75 ഡെസിബെൽ, രാത്രി 70 ഡെസിബെൽ എന്ന പരിധിയാണ്. വാണിജ്യ മേഖലയിൽ പകൽ 65 ഡെസിബെൽ, രാത്രി 55 ഡെസിബെൽ വരെ അനുവദനീയമാണ്. പാർപ്പിട മേഖലയിൽ പകൽ 55 ഡെസിബെൽ, രാത്രി 45 ഡെസിബെൾ എന്നതാണ് പരമാവധി പരിധി. നിശ്ശബ്ദ മേഖലയിൽ ഏറ്റവും കുറഞ്ഞ പരിധിയായ പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ മാത്രമേ അനുവദനീയമായുള്ളൂ.

കുറ്റകരമായ പ്രവർത്തനങ്ങൾ: നിശ്ശബ്ദ മേഖലകളിൽ അല്ലെങ്കിൽ ഓരോ മേഖലയിലെയും സമയ/ശബ്ദ പരിധി ലംഘിച്ച്: സംഗീതം പ്ലേ ചെയ്യുക, സൗണ്ട് ആംപ്ലിഫയർ ഉപയോഗിക്കുക, ഡ്രം-ടോം-ടോം-സംഗീതം, ഹോൺ-ട്രമ്പറ്റ് മുഴക്കുക, ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രകടനങ്ങൾ നടത്തുക, ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുക, ലൗഡ് സ്പീക്കർ/പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിക്കുക എന്നിവ ചട്ടം ലംഘനമാണ്.

കോളാമ്പി/മെറ്റൽ ഹോൺ/ബോക്സ് രൂപത്തിലാക്കിയത് എന്നിവ പൊതുജനാരോഗ്യത്തിന് അപകടകരമായ ശബ്ദ ആവൃത്തി ഉത്പാദിപ്പിക്കുന്നതിനാൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട് എന്നതിനാൽ ഉപയോഗം പൂർണ്ണമായും ഉപേക്ഷിക്കുക.

ശബ്ദം ഉത്പാദിപ്പിക്കേണ്ട സ്ഥലം ഉടമയുടെ സ്ഥലപരിധിക്ക് പുറത്ത് വയറുകൾ/സ്പീക്കറുകൾ സ്ഥാപിക്കരുത്, സബ് വൂഫറുകൾ ഉൾപ്പെടെയുള്ള ലോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ശബ്ദം ഉൾപ്പെടെ സ്ഥല പരിധിയിലോ വാഹനത്തിലാണെങ്കിൽ പൊതുനിരത്ത് പരിധിയിലോ ചട്ടം 5(4), 5(5) പ്രകാരം അവസാനിപ്പിക്കുക. എല്ലാ അധിക വൈദ്യുതി ഉപയോഗവും ജനറേറ്റർ ഉപയോഗവും അനുമതികളോടെ മാത്രം നടത്തുക എന്നതാണ് പ്രോഗ്രാം സംഘടകരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തവും കടമയും.

ശബ്ദം ബുദ്ധിമുട്ടായാൽ പൗരന് പരാതി നൽകാം: ശബ്ദ മലിനീകരണം കണ്ടെത്തിയാൽ ആർക്കും അധികാരികൾക്ക് പരാതിപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാം.

പ്രധാന നടപടികൾ: സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിയമം നടപ്പിലാക്കാനുള്ള അധികാരമുണ്ട്. പോലീസ് നിർദ്ദേശം അവഗണിച്ചാൽ ഉപകരണങ്ങൾ കണ്ടുകെട്ടാം. വൈദ്യുതി മോഷണം, അനുമതിയില്ലാത്ത കണക്ഷൻ എന്നിവയും കുറ്റകരമാണ്. ചട്ടം ലംഘനം പരിസ്ഥിതി ലംഘമായി പരിഗണിക്കുന്നതിനാൽ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കപ്പെടും.

ഈ നിയമങ്ങൾ നമ്മുടെ സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെയും പരസ്പര ആദരവിന്റെയും പ്രതിഫലനമാണ്. എല്ലാവരുടെയും സഹകരണത്തോടെ നമുക്ക് ശാന്തവും ആരോഗ്യകരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകും.

കേൾക്കാൻ: https://open.spotify.com/episode/0pnrZyEJdk9zed7ehjBbCl?si=3e62b2152cf84122

Loading

Leave a Comment