ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുന്ന നീക്കങ്ങൾ
ശബ്ദമലിനീകരണം ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്
നിയമവിരുദ്ധതയുടെ നേർ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള കോട്ടാത്തല പ്രദേശത്തെ പ്രബുദ്ധ പൗരന്മാരേ, നാളെ (20.07.2025) നിങ്ങളുടെ ഗ്രാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഒരു പ്രവർത്തനമാണ്. പാർലമെന്റ് നിർമ്മിച്ച നിയമങ്ങളുടെ ലംഘനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിയമവിരുദ്ധ സമരത്തിന് നിങ്ങളുടെ ഗ്രാമം സാക്ഷ്യം വഹിക്കുന്നത് ലജ്ജാവഹമാണ്. സതി നിറുത്തലാക്കിയിട്ടും തീയിൽ ചാടി മരിച്ച വനിതകളെ ഓർമ്മിപ്പിക്കുന്ന നിലയിലാണ് നിങ്ങളുടെ മൗനം.
ശബ്ദമലിനീകരണം വെറുമൊരു കേൾവി പ്രശ്നമോ ന്യൂയിസൻസോ മാത്രമല്ല, മറിച്ച് അത് വളരെ ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയമിടിപ്പ് എന്നിവ വർധിപ്പിക്കുന്ന ഈ പ്രശ്നം നമ്മുടെ ജീവിതത്തെ വിനാശകരമായി ബാധിക്കുന്നു.
ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ, കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ പ്രധാനമായി കാണാം. ഹൃദയാഘാതവും ഹൃദ്രോഗവും വർധിക്കുന്നു, കാരണം ശബ്ദമലിനീകരണം ഹൃദയത്തിന്റെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. രക്തസമ്മർദ്ദം വർധിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും വർധിക്കുന്നതിനാലാണ്. ശബ്ദം കേൾക്കുമ്പോൾ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വർധിക്കുകയും ഹൃദയത്തിന് അമിത ജോലിഭാരം നൽകുകയും ചെയ്യുന്നു.
മാനസിക ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അത്യന്തം ഗൗരവമായതാണ്. ശബ്ദമലിനീകരണം ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും അത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ക്രോധവും അക്രമാസക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയും വർധിക്കുന്നു. ശബ്ദമലിനീകരണം ഇൻസുലിൻ റെസിസ്റ്റൻസ് വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നു. കേൾവിക്കുറവും ടിന്നിറ്റസും (ചെവിയിൽ സൈറൻ പോലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്ന അവസ്ഥ) ഉണ്ടാകുന്നത് ശ്രവണകോശങ്ങൾ നശിക്കുന്നതുകൊണ്ടാണ്.
ഏറ്റവും ഭയപ്പെടുത്തുന്ന കണ്ടെത്തൽ മസ്തിഷ്കാരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. പുതിയ ഗവേഷണങ്ങൾ പ്രകാരം ശബ്ദമലിനീകരണം അൽഷൈമേഴ്സ് രോഗത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത വർധിപ്പിക്കുന്നു. മസ്തിഷ്കത്തിലെ ന്യൂറോൺ കോശങ്ങളെ നശിപ്പിക്കുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു. ചിന്താശേഷി, ഏകാഗ്രത, തീരുമാനമെടുക്കൽ എന്നിവയെ ബാധിക്കുന്ന കോഗ്നിറ്റീവ് ഫംഗ്ഷൻ കുറയലും സംഭവിക്കുന്നു.
കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാണ്. ഗർഭാവസ്ഥയിൽ അമിത ശബ്ദം കുഞ്ഞിന്റെ ജനിതക വികാസത്തെ ബാധിക്കുന്നു. കുട്ടികൾ കേൾവിക്കുറവോടെ ജനിക്കാൻ സാധ്യത വർധിക്കുന്നു. ADHD, ഡിസ്ലക്സിയ, ശ്രദ്ധക്കുറവ് തുടങ്ങിയ പഠന വൈകല്യങ്ങൾ വർധിക്കുകയും വിഷാദവും ആത്മഹത്യാ ചിന്തകളും വർധിപ്പിക്കുകയും ചെയ്യുന്നു.
ഗർഭിണികളിലെ പ്രശ്നങ്ങളും അവഗണിക്കാനാവാത്തവയാണ്. അകാല പ്രസവം, കുട്ടികൾ സാധാരണ ഭാരത്തിന് താഴെ ജനിക്കൽ, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. ഹോർമോണൽ പ്രശ്നങ്ങളും ഗൗരവതരമാണ്. സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ വർധിച്ച് ഇമ്മ്യൂൺ സിസ്റ്റത്തെ ദുർബലപ്പെടുത്തുകയും കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഗ്രോത്ത് ഹോർമോൺ കുറയുകയും ചെയ്യുന്നു.
ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ 2000-ൽ ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച് പരിപാലിച്ചുപോരുന്ന ‘ശബ്ദമലിനീകരണം നിയന്ത്രണവും സംരക്ഷണവും ചട്ടം’ ലംഘിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണ്.
മത-വർഗീയ താൽപര്യങ്ങൾ കുത്തിക്കയറ്റി ഈ വിഷയം വികലമാക്കാൻ ശ്രമിക്കുന്ന നിങ്ങളോട് കേരളമാകെ ശബ്ദമലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആക്ടിവിസ്റ്റുകൾക്ക് സഹതാപം മാത്രമേയുള്ളൂ. നിങ്ങളുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പ്രവർത്തനത്തിന് മുതിരുന്നതിന് കാരണം.
“പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നമാണ്” എന്ന് നമ്മെ പഠിപ്പിച്ച കാലത്തിന് മുമ്പേ ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ബോധവത്കരിക്കാൻ സുപ്രീം കോടതിയുടെ വിശാലമായ വിധി ഇന്ത്യയിൽ നിലവിലുണ്ട്. 2005-ലെ ചരിത്രപ്രധാനമായ വിധിയിൽ കുട്ടികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ജനങ്ങളെ ബോധവത്കരിക്കാനും 2015-ൽ ഗ്രാമപഞ്ചായത്തുകൾ വഴി ലഘുലേഖകൾ അച്ചടിച്ച് വിതരണം നടത്തി ബോധവത്കരിക്കാൻ കേരള സർക്കാരും പറഞ്ഞിട്ടുണ്ട്. ഇവയൊന്നും നടപ്പിലാക്കാത്തത് ഞങ്ങൾ ചട്ടം പരിപാലനത്തിനായി പ്രവർത്തിക്കുന്നവരുടെ കുറ്റമല്ല. നിങ്ങൾ സ്വയം ബോധവാനാകണം, അല്ലെങ്കിൽ ഞങ്ങളെ കേൾക്കാനെങ്കിലും തയ്യാറാകണം.
ശബ്ദമലിനീകരണം ഗുരുതരമായ കുറ്റകൃത്യമാണ്. The Noise Pollution (Regulation and Control) Rules 2000 ലംഘിച്ചാൽ പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റക്കാർ കോടതിയിൽ പോയി ജാമ്യം എടുക്കേണ്ടതും ട്രയൽ കഴിയുന്നതുവరെ ജാമ്യത്തിൽ തുടരേണ്ടതുമാണ്. സർവീസിലുള്ളവർക്ക് സർവീസ് ബുക്കിൽ എൻട്രി, തൊഴിലന്വേഷകർക്ക് സ്വഭാവ സർട്ടിഫിക്കറ്റിൽ പ്രതികൂല സ്വാധീനം, ഗവൺമെന്റ് ജോലിക്ക് ആഗ്രഹിക്കുന്നവരുടെ പോലീസ് വെരിഫിക്കേഷനിൽ പ്രശ്നം എന്നിവയുണ്ടാകും.
നമ്മുടെ കുട്ടികൾക്ക് ജനിതക തകരാറുകൾ, കേൾവിക്കുറവ്, പഠന വൈകല്യങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അൽഷൈമേഴ്സ് രോഗം എന്നിവ ഉണ്ടാകാതിരിക്കാൻ ശബ്ദമലിനീകരണത്തോട് ‘നോ’ പറയാം. നിങ്ങൾ നിയമങ്ങൾക്കനുസരിച്ച് സ്വന്തം പരിധിക്കകത്ത് ശബ്ദം ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ അതിന് പുറത്തുള്ള പൗരന്റെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗര അവകാശമായ ശാന്തമായ ജീവിതം തകർക്കുന്നത് നിയമവിരുദ്ധവും നീതികേടുമാണ്.
AIR 2000 SC 2773 (Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others 2000) സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, മത സ്ഥാപനങ്ങളുടെ ഉച്ചഭാഷിണി ഉപയോഗം ഒരു ഭരണപരമായ അവകാശമല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ സമാധാനത്തിനുള്ള അവകാശത്തെ ലംഘിക്കാൻ ഭരണഘടനാപരമായി യാതൊരു അവകാശവും മതങ്ങൾക്കോ മത സ്ഥാപനങ്ങൾക്കോ ഇല്ല. ലൗഡ്സ്പീക്കർ ഉപയോഗം ആചാരമാണ് എന്നു പറയാൻ കഴിയില്ല എന്നും സാരം. മാത്രവുമല്ല ഇവിടെ നോട്ടീസിൽ 10 വർഷമായി ഉപയോഗിക്കുന്ന ലൗഡ്സ്പീക്കർ എന്നാണ് കാവ്യ ഭാവനയിൽ പറഞ്ഞിരിക്കുന്നത്. നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000 പ്രാബല്യത്തിൽ വന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതായത് 25 വർഷമായി ഇവിടെ നിലവിലുള്ള ചട്ടം 10 വർഷമായി ഇവരെല്ലാം ലംഘിക്കുന്നു എന്നതാണ് പറഞ്ഞുവരുന്നത്. അതു തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങൾ പോയി ആദ്യം ആ തെറ്റു തിരുത്തിയിട്ടുവരണം, എന്നിട്ടുവേണം പ്രകടനം നടത്താൻ.
നിയമപരമായി പരിശോധിച്ചാൽ കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അതിന്റെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കാൻ പോലീസിന് നിയമപരമായി കഴിയുകയില്ല. രേഖാമൂലമായ അനുമതിയില്ലാതെ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കുന്നത് ചട്ടം ലംഘനമാണ്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ബോഡികൾക്ക് നിയമലംഘനം നടത്താൻ അവകാശമില്ല. നിയമലംഘനം നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ പിരിച്ചുവിടാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്.
ചട്ടം നിബന്ധനകൾ പ്രകാരം സൈലന്റ് സോണുകളായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് ആരാധനാലയങ്ങൾ. ട്രസ്റ്റ് അംഗങ്ങൾ ഈ ഉത്തരവുകൾ വായിച്ച് ഹൃദിസ്ഥമാക്കണം. കൊളാമ്പി ലൗഡ്സ്പീക്കറുകൾ അതിതീവ്ര തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ കോടതി നിരോധിച്ചവയാണ്. സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ അഴിച്ചുമാറ്റണം. ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2019-ലെ ഉത്തരവ് പ്രകാരം, Sound Limiter ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് നടപ്പിലാക്കാത്ത സംസ്ഥാന പോലീസ് മേധാവിക്ക് 2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ പിഴ ലഭിക്കുന്നു.
ഇത് ഇന്ത്യയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ശാന്തമായി സ്വതന്ത്രമായി ആർട്ടിക്കിൾ 21-ന്റെ സംരക്ഷണത്തോടെ ജീവിക്കാൻ അനുവാദമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. ശബ്ദം ഒരു സ്വകാര്യതയാണ്. അത് സ്വകാര്യമായി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. രാജ്യനിയമങ്ങളോടെ പ്രവർത്തിക്കുകയും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക.
വിശ്വാസപൂർവ്വം
കാന്പയിൻ കോ ഓർഡിനേറ്റർ
സൈലൻസ് ദി നോയിസ്