മതസ്വാതന്ത്ര്യവും ശബ്ദനിയന്ത്രണവും: 2000 ലെ സുപ്രീം കോടതി വിധി

Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others


കേസിന്റെ പശ്ചാത്തലം

തമിഴ്നാട്ടിലെ ഒരു ദൈവസഭയുടെ പ്രാർത്ഥനാഹാളിൽ നിന്നുള്ള ശബ്ദമലിനീകരണം അയൽവാസികളുടെ ദൈനംദിന ജീവിതത്തിൽ അസഹനീയമായ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ, K.K.R. മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി.

ഹൈക്കോടതി ചട്ടം പാലിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്ന്, ദൈവസഭ ഈ വിധിയെ എതിർത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും ഈ ചുവടേ ചേർത്തിരിക്കുന്ന വിവരണങ്ങൾ നൽകി അപ്പീൽ തള്ളുകയും ചെയ്തു.



സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ

മതസ്വാതന്ത്ര്യത്തിന്റെ പരിധികൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നുണ്ടെങ്കിലും, ആ സ്വാതന്ത്യത്തിന് വ്യക്തമായ പരിധികളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ശബ്ദം ഉപയോഗിക്കാതെ പ്രാർത്ഥിക്കാൻ കഴിയില്ല” എന്ന സഭയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് നിരീക്ഷിച്ചു. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് അയാളെ കേൾപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശം അല്ല എന്ന് പ്രസ്താവിച്ചു.

ഒരാളുടെ മതാചാരങ്ങൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ശാന്തതയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ അനിവാര്യമാണ്.

ശബ്ദമലിനീകരണം – ഒരു ഗുരുതര ആരോഗ്യപ്രശ്നം

ശബ്ദമലിനീകരണം ഒരു സാമൂഹിക വ്യാധിയാണെന്ന് കോടതി വിലയിരുത്തി. ഉച്ചത്തിലുള്ള പ്രാർത്ഥനകളോ ആംപ്ലിഫയറുകളുടെയും ലൌഡ്സ്പീക്കറുകളുടെയും ഉപയോഗമോ മതപരമായ സംരക്ഷണം ലഭിക്കുന്ന പ്രവൃത്തികളല്ല.

സുപ്രീം കോടതി ഉത്തരവും (W.P.(C) No. 3735/2005) പ്രകാരം ശബ്ദമലിനീകരണം ഇനിപ്പറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു:

1. കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ
  • ഹൃദയാഘാതം
  • ഹൃദ്രോഗം
  • രക്തസമ്മർദ്ദ വർധനവ്
  • ഹൃദയമിടിപ്പ് വർധനവ്
2. മാനസിക ആരോഗ്യ പ്രശ്നങ്ങൾ
  • ഉത്കണ്ഠ, വിഷാദം
  • ഉറക്കക്കുറവ്, അനിദ്ര
  • ക്രോധം, അക്രമാസക്തമായ പ്രവണതകൾ
  • ശരീരത്തിന്റെ പ്രതിരോധശേഷി കുറയൽ
3. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ
  • ടൈപ്പ് 2 പ്രമേഹം
  • ഇൻസുലിൻ റെസിസ്റ്റൻസ് വർധനവ്
4. കേൾവി സംബന്ധമായ പ്രശ്നങ്ങൾ
  • ശ്രവണ ശേഷിക്കുറവ്
  • ടിന്നിറ്റസ്
  • ശ്രവണകോശങ്ങളുടെ നാശം
5. മസ്തിഷ്ക ആരോഗ്യ പ്രശ്നങ്ങൾ
  • അൽസൈമേഴ്സ് രോഗം, ഡിമെൻഷ്യ
  • ഓർമ്മശക്തി കുറയൽ
  • കോഗ്നിറ്റീവ് കഴിവുകൾ കുറയൽ
  • ഏകാഗ്രതക്കുറവ്
6. കുട്ടികളിലെ പ്രത്യേക പ്രശ്നങ്ങൾ
  • ജനിതക തകരാറുകൾ
  • ADHD, ഡിസ്ലക്സിയ
  • പഠന വൈകല്യങ്ങൾ
7. ഗർഭിണികളിലെ പ്രശ്നങ്ങൾ
  • അകാല പ്രസവം
  • കുറഞ്ഞ ഭാരത്തിൽ കുഞ്ഞ് ജനിക്കൽ
  • ഗർഭം അലസൽ
8. ഹോർമോണൽ പ്രശ്നങ്ങൾ
  • കോർട്ടിസോൾ വർധനവ്
  • ഇമ്മ്യൂൺ സിസ്റ്റം ദുർബലപ്പെടൽ

നിയമപരമായ അധികാരം

Noise Pollution (Regulation and Control) Rules, 2000 പ്രകാരം ശബ്ദനിയന്ത്രണത്തിന് സർക്കാരിനും കോടതികൾക്കും വ്യക്തമായ അധികാരമുണ്ട്.

  • സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ വ്യക്തിക്കും/സ്ഥാപനത്തിനും നിയമപരമായി അധികാരമില്ല.
  • മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങളെല്ലാം നിശബ്ദമേഖലയിൽ ഉൾപ്പെടുന്നു.
  • ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദമേഖലയിലാണ്.
  • നിശബ്‌ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ അനുമതി നൽകാൻ നിയമപരമായി കഴിയില്ല.
  • അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  • രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  • കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.

ഈ നിയന്ത്രണങ്ങൾ മതനിരപേക്ഷമാണ്, എല്ലാ മതങ്ങൾക്കും ബാധകമാണ്.


പരമാവധി അനുവദനീയ പരിധികൾ

മേഖലപകൽ (6AM-10PM)രാത്രി (10PM-6AM)
റെസിഡൻഷ്യൽ ഏരിയ55 dB45 dB
നിശബ്ദമേഖല50 dB40 dB
വാണിജ്യമേഖല65 dB55 dB
വ്യാവസായിക മേഖല75 dB70 dB

നിശബ്ദമേഖല: ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ്


സുപ്രീം കോടതിയുടെ വിധി

“മതപരമായ അവകാശങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ വേണം ആചരിക്കാൻ. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ അവകാശമില്ല എന്ന് നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശമല്ല എന്നു പ്രസ്താവിച്ചു. നിയമപരമായ ശബ്ദനിയന്ത്രണങ്ങൾ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതാണ്.”

കോടതി വ്യക്തമാക്കിയത്:

  1. സമതുലിതാവകാശം: വ്യക്തിഗത മതസ്വാതന്ത്ര്യവും പൊതുജനാരോഗ്യവും തമ്മിൽ സന്തുലനം ആവശ്യമാണ്
  2. നിയമസാധുത: ശബ്ദ നിയന്ത്രണ നിയമങ്ങൾ മതാവകാശവിരുദ്ധമല്ല
  3. സാർവത്രിക പ്രയോഗം: എല്ലാ മത-സമുദായങ്ങൾക്കും ചട്ടം ബാധകമാണ്

അതിനാൽ, ഹൈക്കോടതിയുടെ നിയന്ത്രണ ഉത്തരവുകൾ സുപ്രീം കോടതി സ്ഥിരീകരിക്കുകയും സഭയുടെ അപ്പീൽ തള്ളുകയും ചെയ്തു.

നന്ദി

നോട്ട് – പൂർണ്ണമായ ഉത്തരവ് വായിക്കാൻ:
13 – Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others – 30.8.2000.pdf

Loading

Leave a Comment