പടക്കവും നിയമവും

നാം അറിഞ്ഞിരിക്കേണ്ടതെല്ലാം

പടക്കങ്ങൾ ഒരുകാലത്ത് നമ്മുടെ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. തീരെ ജനസംഘ്യ കുറവും വിശലമായ ആഘോഷ സ്ഥലങ്ങളും ഉണ്ടായിരുന്ന ആ കാലത്തെ അവസ്ഥയല്ല ഇന്ന്. ഇന്ന് അത് വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞു. എവിടെയൊക്കെയോ ഏത് സമയത്തും പടക്കം പൊട്ടിക്കുന്നത് പൊതുജനങ്ങൾക്ക് ശല്യവും അപകടവുമാണ്. ക്ഷേത്രങ്ങൾ, പള്ളികൾ, രാഷ്ട്രീയ യോഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പടക്കം പൊട്ടിക്കുന്നത് സമാധാന അന്തരീക്ഷം തകർക്കുന്നു. പലർക്കും ഇത് കാരണം ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, നമ്മുടെ നാട്ടിലെ പടക്കവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഓരോ പൗരനും അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.


നിയമങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ?

നമ്മുടെ രാജ്യത്ത് സ്ഫോടകവസ്തുക്കളെ നിയന്ത്രിക്കുന്ന മൂന്ന് പ്രധാന നിയമങ്ങളുണ്ട്:

  1. 1884-ലെ സ്ഫോടകവസ്തുക്കൾ നിയമം (Explosives Act, 1884): സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാനും കൈവശം വയ്ക്കാനും വിൽക്കാനും കൊണ്ടുനടക്കാനും ലൈസൻസ് നിർബന്ധമാക്കുന്ന അടിസ്ഥാന നിയമമാണിത്. ലൈസൻസ് ഇല്ലാതെ ഇവ കൈകാര്യം ചെയ്യുന്നത് വലിയ കുറ്റമാണ്.
  2. 1908-ലെ സ്ഫോടക പദാർത്ഥ നിയമം (Explosive Substances Act, 1908): ഇത് കൂടുതൽ കർശനമായ നിയമമാണ്. സ്ഫോടകം ഉപയോഗിച്ച് മനുഷ്യർക്കോ സ്വത്തിനോ നാശനഷ്ടമുണ്ടാക്കിയാൽ കടുത്ത ശിക്ഷയാണ് ഈ നിയമം ഉറപ്പാക്കുന്നത്.
  3. 2008-ലെ സ്ഫോടകവസ്തുക്കൾ ചട്ടങ്ങൾ (Explosives Rules, 2008): ഈ ചട്ടങ്ങൾ വളരെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
    • ചട്ടം 126: പൊതുസ്ഥലത്ത് പടക്കം ഉപയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിൽ (LE-6) നിന്ന് പ്രത്യേക അനുമതി വാങ്ങണം. ഇതിനായി കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും അപേക്ഷിക്കണം.
    • അകലം: കാഴ്ചക്കാരിൽ നിന്ന് 100 മീറ്ററും ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളിൽ നിന്ന് 250 മീറ്ററും അകലം പാലിക്കണം.
    • നിരോധനം: കേന്ദ്രസർക്കാർ ഉത്തരവനുസരിച്ച്, പൊട്ടാസ്യം ക്ലോറേറ്റ് (Potassium Chlorate) അടങ്ങിയ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ‘ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്’ (Chief Controller of Explosives) അംഗീകരിച്ച പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

PESO-യുടെ പങ്ക്

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്ന സർക്കാർ സ്ഥാപനമാണ് പടക്കങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത്.

  • PESO-യുടെ അംഗീകാരമില്ലാതെ ഒരു പടക്കവും നിർമ്മിക്കാനോ വിൽക്കാനോ പാടില്ല. നമ്മൾ ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന സാധാരണ പടക്കങ്ങൾ പോലും ഇവരുടെ അനുമതിയോടെയുള്ളതായിരിക്കണം.
  • ഇന്ന്, മലിനീകരണം കുറഞ്ഞ ‘ഗ്രീൻ ക്രാക്കറുകൾ’ (Green Crackers) ആണ് PESO പ്രോത്സാഹിപ്പിക്കുന്നത്. ഇത് നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കൂടുതൽ സുരക്ഷിതമാണ്.

ശബ്ദത്തിന്റെ കാര്യത്തിൽ കർശന നിയമങ്ങൾ

2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പടക്കത്തിന്റെ ശബ്ദത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു:

  • സമയപരിധി: രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പടക്കം പൊട്ടിക്കുന്നത് ഒരു കാരണവശാലും അനുവദനീയമല്ല.
  • ശബ്ദപരിധി: 4 മീറ്റർ അകലെ നിന്ന് അളന്നാൽ പടക്കത്തിന്റെ ശബ്ദം 125 dB(AI) അല്ലെങ്കിൽ 145 dB(C) ന് താഴെയായിരിക്കണം.
  • നിശ്ശബ്ദ മേഖല: ആശുപത്രികൾ, കോടതികൾ, സ്കൂളുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
  • ശിക്ഷ: ഈ നിയമം ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ച് വർഷം വരെ തടവും ലഭിക്കാം.

കേരളത്തിലെ അധിക നിയന്ത്രണങ്ങൾ

  • പോലീസ് സർക്കുലർ (10/2018, 18/2007): പടക്കം ഉപയോഗിക്കുന്പഴുള്ള സുരക്ഷാ മാർഗ്ഗങ്ങൾ വിശദമാക്കുന്നു. ചെറിയ പിഴവുകൾ പോലും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
  • സർക്കാർ ഉത്തരവ് (G.O.(Rt) 3025/2024): ദീപാവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ഉത്സവങ്ങളിൽ ഗ്രീൻ ക്രാക്കർ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർബന്ധമാക്കുന്നു. ഇതിനുള്ള സമയപരിധി വൈകുന്നേരം 8 മണി മുതൽ രാത്രി 10 മണി വരെ മാത്രമാണ്.
  • വീടുകളിൽ ആഘോഷിക്കുന്നവരും ഈ സമയപരിധി പാലിക്കണം.

കോടതികളുടെ ശക്തമായ ഇടപെടൽ

കഴിഞ്ഞ കുറേ വർഷങ്ങളായി നാഷണൽ ഗ്രീൻ ട്രിബ്യൂണൽ (NGT) പോലുള്ള കോടതികൾ മലിനീകരണം കുറയ്ക്കാൻ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഗ്രീൻ ക്രാക്കർ മാത്രം നിശ്ചിത സമയത്ത് മാത്രം ഉപയോഗിക്കുക എന്ന നിർദ്ദേശത്തിന് പിന്നിൽ നഗരങ്ങളിലെ വായുമലിനീകരണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ഗൗരവമായി കാണുന്നതിനാലാണ്.


പതിവായി സംഭവിക്കുന്ന തെറ്റുകൾ

നിയമങ്ങൾ വ്യക്തമായിരിക്കെത്തന്നെ, ഇന്നും പലരും ഈ തെറ്റുകൾ ആവർത്തിക്കുന്നു:

  • PESO അംഗീകാരമില്ലാത്ത പടക്കങ്ങൾ വാങ്ങുന്നു.
  • നിരോധിക്കപ്പെട്ടതും അപകടകരവുമായ പൊട്ടാസ്യം ക്ലോറേറ്റ് കലർന്ന പടക്കങ്ങൾ ഉപയോഗിക്കുന്നു. (ചെറിയ ഉരസലിലോ ചൂടിലോ ഇത് പൊട്ടിത്തെറിക്കാം).
  • രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ച് ശബ്ദനിയമം ലംഘിക്കുന്നു.
  • പാർപ്പിട മേഖലകളിലും നിശ്ശബ്ദ മേഖലകളിലും പടക്കം പൊട്ടിക്കുന്നു.

ശിക്ഷ എത്രത്തോളം കടുത്തതാണ്?

പടക്കവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള ശിക്ഷകൾ വളരെ ഗൗരവമുള്ളതാണ്:

  • സ്ഫോടകവസ്തുക്കൾ നിയമം ലംഘിച്ചാൽ: 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാം. പലപ്പോഴും ജാമ്യം ലഭിക്കാൻ പ്രയാസമായിരിക്കും.
  • ലൈസൻസില്ലാത്ത നിർമ്മാണം/കൈവശം: 2 മുതൽ 3 വർഷം വരെ തടവും പിഴയും ലഭിക്കാം.
  • നിരോധിച്ച വസ്തുക്കളുടെ ഉപയോഗം: പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്.
  • ശബ്ദനിയമം ലംഘിച്ചാൽ: 1 ലക്ഷം രൂപ പിഴയും 5 വർഷം വരെ തടവും.
  • മരണം/വലിയ നാശനഷ്ടം: സ്ഫോടനം മൂലം ആരെങ്കിലും മരിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ചെയ്താൽ ജീവപര്യന്തം തടവ് വരെ ലഭിക്കാം.

ദേശീയ സുരക്ഷാ പ്രശ്നമായി മാറുമ്പോൾ

പടക്കങ്ങളുമായി ബന്ധപ്പെട്ട ചില കേസുകൾ ദേശീയ സുരക്ഷാ പ്രശ്‌നമായി മാറാറുണ്ട്.

  • പിടിച്ചെടുക്കുന്ന സ്ഫോടകവസ്തുക്കൾ ഫോറൻസിക് ലാബിൽ പരിശോധിക്കുകയും നിരോധിച്ച വസ്തുക്കൾ കണ്ടെത്തിയാൽ അന്വേഷണം വിപുലമാക്കുകയും ചെയ്യും.
  • സംസ്ഥാനാന്തര കള്ളക്കടത്ത്, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, വലിയ അളവിലുള്ള അനധികൃത ശേഖരണം തുടങ്ങിയവയുണ്ടെങ്കിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) കേസ് ഏറ്റെടുക്കും.
  • രാജ്യദ്രോഹത്തിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ പടക്കം ഉപയോഗിച്ചതായി സംശയിച്ചാൽ UAPA (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം കുറ്റം ചുമത്തും. ഈ നിയമപ്രകാരം ജാമ്യം ലഭിക്കുന്നത് അതീവ ദുഷ്‌കരമാണ്.

പരാതിപ്പെടേണ്ടത് എവിടെ?

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ പൗരധർമ്മമാണ്:

  • പോലീസിലോ, അടിയന്തര സഹായ നമ്പറായ 112-ലോ വിളിക്കാം.
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA), അല്ലെങ്കിൽ PESO ഓഫീസുകളിലും വിവരമറിയിക്കാം.
  • പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോയോ ഓഡിയോയോ പോലുള്ള തെളിവുകൾ ഉണ്ടെങ്കിൽ അത് വേഗത്തിൽ നടപടിയെടുക്കാൻ സഹായകമാകും. പോലീസിന് മാത്രം എല്ലായിടത്തും എത്താൻ കഴിയില്ല, നമ്മുടെ സഹകരണം ഇതിന് അത്യാവശ്യമാണ്.

നമ്മുടെ ഉത്തരവാദിത്തം

  • നിയമം അറിയുക, പാലിക്കുക എന്നത് എല്ലാവരുടെയും കടമയാണ്.
  • PESO അംഗീകാരമുള്ള ഗ്രീൻ ക്രാക്കർ മാത്രം വാങ്ങുക, ഉപയോഗിക്കുക.
  • നിശ്ചയിച്ച സമയപരിധി കർശനമായി പാലിക്കുക.
  • പ്രായമായവർ, രോഗികൾ, കുഞ്ഞുങ്ങൾ, വളർത്തു മൃഗങ്ങൾ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ശ്രദ്ധയോടെ പെരുമാറുക.
  • തെറ്റുകൾ കണ്ടാൽ കണ്ടില്ലെന്ന് നടിക്കാതെ ഉടൻ റിപ്പോർട്ട് ചെയ്യുക.

നമ്മുടെ സന്തോഷം ഒരിക്കലും മറ്റുള്ളവരുടെ സുരക്ഷയ്ക്കോ സമാധാനത്തിനോ വിലയായി വരാൻ പാടില്ല.


ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉള്ള ആഘാതം

നിയമത്തിനപ്പുറം, പടക്കങ്ങൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ദോഷകരമാണ്.

  • വായു മലിനീകരണം: ഉത്സവകാലങ്ങളിൽ വായുവിലെ PM2.5, PM10 തുടങ്ങിയ സൂക്ഷ്മകണങ്ങളുടെ അളവ് കുതിച്ചുയരുന്നു. ഇത് ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ എന്നിവ വർധിക്കാൻ കാരണമാകുന്നു.
  • ശബ്ദ മലിനീകരണം: ഉച്ചത്തിലുള്ള ശബ്ദം ചെവി കേൾക്കാതാവാനും ഉത്കണ്ഠ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാകാനും കാരണമാകും.
  • മൃഗങ്ങൾക്ക്: നായ്ക്കളും പൂച്ചകളും പോലുള്ള വളർത്തു മൃഗങ്ങൾ പേടിച്ച് ഓടിപ്പോകാനും പരിക്കേൽക്കാനും സാധ്യതയുണ്ട്.
  • പരിസ്ഥിതിക്ക്: പടക്കങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിലും ജലത്തിലും കലർന്ന് ദീർഘകാലത്തേക്ക് പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു. പരിസ്ഥിതി സംരക്ഷണം പ്രധാനമായിരിക്കുന്ന ഇക്കാലത്ത് ഇത് വലിയ ആശങ്കയാണ്.

പൊതുജന താൽപര്യാർത്ഥം

Loading

Leave a Comment