ശബ്ദമില്ലാത്ത സംഗീതം


സൗണ്ട് ഷാജി

താലൂക്ക് ആശുപത്രി ചേർന്നുള്ള പ്രദേശത്തെ വലിയ ആരാധനാലയ മൈതാനം. അത് വെറുമൊരു സ്ഥലമായിരുന്നില്ല—അത് ഒരു സാമ്രാജ്യമായിരുന്നു, ഷാജിയുടെ സാമ്രാജ്യം. ആ രാജ്യത്തെ കൽപനിക സിംഹാസനത്തിൽ 50,000 വാട്ട് സൗണ്ട് സിസ്റ്റം അവന്റെ അധികാര മുദ്രയായി ഭൂമിയിൽ ആഞ്ഞുറച്ച് നിൽക്കുന്നു. ഓരോ ഉപകരണവും അവന്റെ കൈകളിലെ മരണായുധങ്ങളായിരുന്നു.

ഉള്ളിൽ അടക്കാനാവാത്ത ഗർവ്വോടെ ഷാജി മൈക്കുകളും ബാസ് ബോക്സുകളും സ്പീക്കറുകളും ക്രമീകരിക്കുന്നു. അവന്റെ കണ്ണുകളിൽ ഒരു കലാകാരന്റെ തീക്ഷ്ണതയുണ്ട്. ഓരോ ഉപകരണത്തിന്റെയും സ്ഥാനം മില്ലിമീറ്റർ കണക്കിന് അളന്ന് എല്ലാത്തിന്റെയും സ്ഥാനം നിർണ്ണയിക്കുന്നു.

അവന്റെ തൊഴിലാളി, വിയർപ്പൊഴുകിയ ശരീരവുമായി, നാട്ടിലാകെയുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ കോളാമ്പി സ്പീക്കറുകൾ കെട്ടി മടങ്ങിയെത്തിയിരിക്കുന്നു.

“സൗണ്ട് ഷാജി”—ആ പേര് കേൾക്കുമ്പോൾ തന്നെ നാട്ടുകാരുടെ നെഞ്ചിൽ ഒരു വിറയൽ പടരുന്നു. എത്ര രാത്രികളാണ് കണ്ണും മിഴിച്ച് ഈ കാതടപ്പിക്കുന്ന, നെഞ്ചുതകർക്കുന്ന ശബ്ദത്താൽ തള്ളിനീക്കിയിട്ടുള്ളത്? അവന്റെ സൗണ്ട് സിസ്റ്റത്തിന്റെ പ്രതാപം അറിയാത്തവർ ആ നാട്ടിലോ സമീപ നാട്ടിലോ ഇല്ല .

ഇന്നിവിടെ ഗാനമേളയാണ്.

കൂടിയിരിക്കുന്ന ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ആർത്തുവിളിച്ചു:
“സൗണ്ട് ഷാജിയേയ്… ബാസ് കുറച്ച് കൂടി കേറ്റിയിട്!”

ഷാജിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു—ഒരു വേട്ടക്കാരന്റെ പുഞ്ചിരി, അവന്റെ ഇരയെ കണ്ടെത്തിയതിന്റെ പുഞ്ചിരി. അവന്റെ വിരലുകൾ ഇക്വലൈസറിന്റെ ഡയലുകളിൽ നൃത്തം ചെയ്തു—ഒരു സംഗീതജ്ഞന്റെയല്ല, ഒരു ജാലവിദ്യക്കാരന്റെ വിരലുകൾ. സർവ്വശക്തനെപ്പോലെ അവൻ ബാസിന്റെ അദൃശ്യ തരംഗങ്ങൾ തുറന്നുവിട്ടു.

അവ ബാസ് സ്പീക്കറുകളിൽ നിന്ന് കാട്ടുതീ പോലെ പടർന്ന്, നിലത്തേക്ക് ചാടി, ഭൂമിയെ നടുക്കി, കുടിയിരുന്നവരെ കുലുക്കി മറിച്ചു. ജനക്കൂട്ടം അത്ഭുതത്തോടെയും ഭീതിയോടെയും നെഞ്ചത്ത് കൈവച്ചുപോയി—നെഞ്ചുനിലച്ച അവരുടെ ശ്വാസകോശങ്ങൾ ബാസിന്റെ തരംഗങ്ങളാൽ അമർത്തപ്പെട്ടു, കർണ്ണപുടം തലച്ചോറിൽ പതിച്ചു. ചിലർ അവശരായി ആടിയുലഞ്ഞു—മറ്റു ചിലർ ഞെട്ടലോടെ ചെവി പൊത്തി—ചിലർ എഴുന്നേറ്റ് ഓടി മാറി.

ആ ബാസ് ഗർജ്ജനത്തിൽ, ഷാജിക്ക് മാത്രം കേൾക്കാവുന്ന ഒരു അപൂർവ്വ സംഗീതമുണ്ടായിരുന്നു—ഒരു സുവർണ്ണ സ്വർഗ്ഗീയ സംഗീതം. ആയിരങ്ങളുടെ ഹൃദയമിടിപ്പുകൾ വരെ തന്റെ സ്പീക്കറുകൾ നിയന്ത്രിക്കുന്നു എന്ന ബോധം—അതായിരുന്നു അവന്റെ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്വരം. അവൻ ആ ശബ്ദസാമ്രാജ്യത്തിന്റെ രാജാവായിരുന്നു.


പിന്നൊരു രാത്രി അവന്റെ വീട്ടിൽ

നിശബ്ദതയുടെ നടുവിൽ കുത്തിനിറച്ച വാക്കുകളായി ഭാര്യ മീനാക്ഷിയുടെ ചോദ്യം ഷാജിയെ തേടിയെത്തി.

“ഇന്നലെ ഞാൻ പാടിയ ഭജൻ റെക്കോർഡ് ചെയ്തത് കേട്ടിട്ട്… എന്താ ഒന്നും പറയാഞ്ഞെ..?

അവളുടെ സ്വരത്തിലെ സൂക്ഷ്മമായ വിറയൽ ഷാജിയുടെ ഹൃദയത്തെ കീറിമുറിച്ചു. നിലാവിന്റെ വെള്ളിവെളിച്ചം മുറിയിലേക്ക് പരന്നിരിക്കുന്നു, പക്ഷേ അവന്റെ ഉള്ളിൽ ഒരു ഇരുട്ട് പടർന്നിരുന്നു.

ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി—ആകാശത്തെ നക്ഷത്രങ്ങളിലേക്കല്ല, മറിച്ച് അവന്റെ ഉള്ളിലെ ശൂന്യതയിലേക്ക്. ലജ്ജയും അപരാധബോധവും അവനെ കീഴടക്കി. എന്തോ വിലമതിക്കാനാവാത്തത് നഷ്ടപ്പെട്ടതുപോലെ അവൻ തലകുനിച്ചുനിന്നു.

ആ മൗനം അവനെ എല്ലാം വെളിപ്പെടുത്തി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവന്റെ കാതുകൾ ക്രമേണ സൂക്ഷ്മസ്വരങ്ങളോട് അവഗണന കാണിച്ചു തുടങ്ങിയിരുന്നു. പലതവണ കേട്ടെങ്കിലും മീനാക്ഷിയുടെ സംഗീതം അവന് വ്യക്തമാകുന്നില്ലായിരുന്നു.

പകരം, ബാസിന്റെ അലകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു—വിറയ്ക്കുന്ന അലയടികൾ മനസ്സിൽ നിരന്തരം തിരയടിക്കുന്നു.

സൗണ്ട് സിസ്റ്റത്തിന്റെ ഗർജ്ജനം മാത്രമാണ് അവന്റെ ലോകമായിരിക്കുന്നത്, സ്നേഹത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

മീനാക്ഷിയുടെ സ്വരത്തിന്റെ സൗന്ദര്യം തിരിച്ചറിയാനാവാത്തതിൽ, അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.


മകൾ അനന്യയുടെ സ്കൂൾ വാർഷികം

അവൾ പിയാനോ വായിക്കുന്ന നിമിഷങ്ങൾ ഷാജി മൊബൈലിൽ സൂക്ഷ്മതയോടെ പകർത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അയാളുടെ നെഞ്ചിൽ നിറഞ്ഞിരുന്നു.

വീട്ടിൽ വന്നപ്പോൾ ഉത്സാഹഭരിതയായ അനന്യ ചോദിച്ചു:
“അച്ഛാ, എന്റെ പിയാനോ കേട്ടോ? എങ്ങനെ ഉണ്ടായിരുന്നു?”

“മോളേ, മനോഹരമായിരുന്നു!”
മകളുടെ തലയിൽ വാത്സല്യത്തോടെ തലോടി.

എന്നാൽ, ഫോണിലെ റെക്കോർഡിംഗ് വീണ്ടും കേട്ടപ്പോൾ, അതിസൂക്ഷ്മമായ പിയാനോയുടെ ശബ്ദം അവന്റെ ചെവിയിൽ മങ്ങലായി തോന്നി. പശ്ചാത്തലത്തിൽ മാത്രം അവളുടെ സംഗീതം ഒരു പ്രത്യേകതരം മർമ്മരം പോലെ മാത്രം കേട്ടു.


അന്ന് രാത്രി, മീനാക്ഷി ഉറക്കത്തിൽ നിന്നുണർന്ന് അവന്റെ കൈയിൽ തൊട്ടു:

“എന്തിനാണ് എന്നോട് ഇത്രയും അകലം പാലിക്കുന്നത്, ഷാജിയേട്ടാ?
മുമ്പൊക്കെ ഇങ്ങനെ മൗനമായിരുന്നിട്ടില്ലല്ലോ.
വർക്കിന്റെ വിശേഷങ്ങളും മറ്റും പറയുമായിരുന്നല്ലോ…
മോളുടെ സ്കൂളിൽ പോയ വിശേഷം പോലും പറഞ്ഞില്ല.
അവളുടെ പാട്ട് റെക്കോഡ് ചെയ്തത് കേൾപ്പിച്ചു പോലുമില്ലല്ലോ.”

ഷാജിയുടെ കണ്ണുകൾ വിടർന്നു. വേദനയും ഭയവും അവന്റെ മുഖത്ത് നിഴലിച്ചു. മൂടൽമഞ്ഞുപോലെ, തറയിൽ നിന്ന് ഉയർന്നുവരുന്ന ബാസിന്റെ മുഴക്കം ഇപ്പോഴും ചെവിയുടെ ഉള്ളിൽ അലയടിക്കുന്നു.


മുറ്റത്തെ തുളസിത്തറയ്ക്കരികിൽ

അമ്മ വിളക്കുവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. സന്ധ്യയുടെ മയക്കുന്ന മഞ്ഞ വെളിച്ചം അമ്മയുടെ നരച്ച മുടിയിൽ തിളങ്ങി. വീട്ടിലെത്തിയ ഷാജി മനസ്സ് നിറയെ പ്രോഗ്രാമിന്റെ തിരക്കോടെ അകത്തേക്ക് കടന്നു. അമ്മയുടെ പ്രാർത്ഥനാമന്ത്രങ്ങൾ കാറ്റിൽ അലിഞ്ഞുചേരുന്നുണ്ടെങ്കിലും അവന്റെ ചെവികളിലേക്ക് അവ എത്തിയില്ല.

“ഷാജീ…” അമ്മ വിളിച്ചു. മകന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോൾ അവർ സ്വരം ഉയർത്തി, “മോനേ, ഷാജീ…”

അവൻ അത് അറിയാതെ തന്നെ മുറിയിലേക്ക് കടന്നുപോയി. തിരികെ വരാതിരുന്നപ്പോൾ അമ്മ ഉത്കണ്ഠാകുലയായി അവനെ തേടി വന്നു. അമ്മ കതകിൽ മുട്ടി.

ഒന്ന്… രണ്ട്… മൂന്ന്…
അനക്കമൊന്നുമില്ല.

“ഷാജീ…” അവർ ശബ്ദമുയർത്തി വിളിച്ചു. ഈ തവണ അവർ കതകിന്റെ കൈപ്പിടി തിരിച്ച് അകത്തേക്ക് കടന്നു.

“മോനേ… ഞാൻ രണ്ടുമൂന്ന് തവണ വിളിച്ചല്ലോ… നീ കേട്ടില്ലേ?”

ഷാജി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടലോടെയാണ് അമ്മയെ കണ്ടത്. “അമ്മ എപ്പോഴാ വന്നത്? എന്നെ വിളിച്ചോ?”

അമ്മയുടെ മുഖത്ത് സംശയം നിഴലിച്ചു.
ഏതു ദൂരത്തു നിന്നും തന്റെ വിളി കേൾക്കുമായിരുന്ന മകൻ, ഇത്ര അടുത്തുനിന്നുള്ള വിളി കേൾക്കാതിരിക്കുന്നത് അസാധാരണമായിരുന്നു.

അവർ അവന്റെ അടുത്തേക്ക് നീങ്ങി, മകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. “ഇതു മൂന്നാമത്തെ തവണയാണ് ഷാജീ, നീ എന്റെ വിളികൾ കേൾക്കാത്തത്.”

ഷാജി അമ്മയുടെ കൈകളിൽ തന്റെ കൈകൾ വെച്ച്, വിഷമം മറച്ചുവെക്കാൻ ശ്രമിച്ചു. “പ്രോഗ്രാമുകളുടെ തിരക്കാ… അതോണ്ട് കൊറച്ച് ആലോചനയിലായിരുന്നു. അതാ കേൾക്കാഞ്ഞെ.”

അമ്മ അവന്റെ കൈകളിലെ ചെറിയ വിറയൽ ശ്രദ്ധിച്ചു. “നിനക്കെന്താ മോനേ… നീ എന്തോ മറച്ചുവെക്കുന്നെ?”

ഷാജിയുടെ കണ്ണുകൾ നിറഞ്ഞു—അവന്റെ ആത്മാഭിമാനത്തിന്റെ കോട്ട ഇടിഞ്ഞുവീണതുപോലെ. ശബ്ദത്തിന്റെ രാജാവ് ഇന്ന് സ്വന്തം ദുരന്തത്തിന്റെ മുമ്പിൽ നിസ്സഹായനായി നിൽക്കുന്നു. എന്തുപറയണമെന്നറിയാത്ത അവസ്ഥ, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ആദ്യമായി, അന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ, അവൻ ആർജ്ജിച്ച ധൈര്യമെല്ലാം ഒരു പുഴപോലെ ചോർന്നുപോയി.

കാലങ്ങളായി ഒരു മകന്റെ ഹൃദയത്തിന്റെ ആഴം അറിയുന്ന അമ്മ, അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ഒന്നൊന്നായി വായിച്ചെടുത്തു. ആ വിറയലുകളിലും, കണ്ണുകളിലെ വേദനയിലും അവർക്ക് മകന്റെ ആത്മവേദന കാണാമായിരുന്നു.

ഈ മകൻ സ്കൂളിൽ നിന്ന് വരുന്പോൾ എന്തെങ്കിലും വിഷമമുള്ളപ്പോൾ ഇതേ മുഖഭാവം കാണിച്ചിരുന്നത് അവർക്ക് ഓർമ്മ വന്നു. വാക്കുകൾക്കുമപ്പുറം, അവർ അവനെ ചേർത്തുപിടിച്ചു. ആ അമ്മയുടെ കരങ്ങളിൽ, ഷാജി വീണ്ടും കുട്ടിയായി മാറി. അവന്റെ ശരീരം നിറയെ ഒതുക്കിവെച്ച സങ്കടം, തോരാത്ത ആ സങ്കടം, പൊട്ടിത്തെറിച്ചു. മനസ്സിൽ കാലങ്ങളായി അടിഞ്ഞുകൂടിയ സത്യം അവന്റെ വാക്കുകളായി പുറത്തേക്കൊഴുകി:

“അമ്മാ…” അവന്റെ ശബ്ദം ഇടറി, “പണ്ടു ഞാൻ റേഡിയോയുടെ ശബ്ദം കൂട്ടി വയ്ക്കുന്പോൾ അമ്മ വഴക്കുപറയാറും അടിക്കാറുമുണ്ടായിരുന്നില്ലെ…” അവൻ ഒരു നിമിഷം നിർത്തി, നീരൊഴുകുന്ന കണ്ണുകളോടെ തുടർന്നു, “അതായിരുന്നമ്മ ശരി. ഈ ശബ്ദ ജോലി എൻറെ കേൾവിയില്ലാതാക്കിയിരിക്കുന്നു.” മീനാക്ഷിയോടുപോലും ഞാൻ ഇതു പറഞ്ഞിട്ടില്ലമ്മാ.

ആ വാക്കുകളിൽ ഒരു പരാജിതൻറെ ഏറ്റുപറച്ചിലുണ്ടായിരുന്നു, ഒപ്പം ഭാവിയെക്കുറിച്ചുള്ള ഭയവും.

അമ്മയ്ക്ക് മുന്നിൽ അവൻ നിസ്സഹായനായി നിന്നു—“സൗണ്ട് ഷാജി” എന്ന പ്രതാപി ഇന്ന് ശബ്ദമില്ലായ്മയുടെ തടവറയിൽ അകപ്പെട്ടിരിക്കുന്നു.

“നാളെതന്നെ നമുക്ക് ഡോക്ടറെ പോയി കാണിക്കാം.”

ഷാജി എതിർക്കാൻ തുടങ്ങിയെങ്കിലും അമ്മയുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം കണ്ടപ്പോൾ അവൻ തലയാട്ടി.

“എന്റെ മോന് ഒന്നും വരാതിരിക്കട്ടെ,” അമ്മ ആത്മഗതം പറഞ്ഞു കൊണ്ട് നടന്നകന്നു.

അമ്മ മുറിവിട്ടിറങ്ങിയപ്പോൾ, ഷാജി ജനാലയ്ക്കരികിൽ ചെന്നു നിന്നു.
പുറത്ത് തെങ്ങിൻ തലപ്പുകൾ കാറ്റിൽ ആടിയുലയുന്ന ശബ്ദമൊന്നും കേൾക്കുന്നേയില്ല. പക്ഷേ അവന്റെ ചെവികളിൽ ബാസിന്റെ തുടിപ്പുകൾ മാത്രം മുഴങ്ങുന്നു.

ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി വീണു. താൻ ഇത്രയും കാലം സൃഷ്ടിച്ച ശബ്ദകോലാഹലങ്ങൾ ഇപ്പോൾ അവന്റെ ചെവികളിൽ മാത്രം തുടരുന്നു.


ഫാമിലി ഡോക്ടർ എഴുതി നൽകിയ കുറിപ്പ്

കണ്ട് ഠൌണിലെ പ്രശസ്തനായ ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. സുബ്രഹ്മണ്യൻ ഗൗരവത്തോടെ തലയാട്ടി.

കസേരയിൽ നിവർന്നിരുന്ന് അദ്ദേഹം രോഗ വിവരങ്ങൾ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

“എത്ര വയസ്സുണ്ട്?”
“35 വയസ്സ്, ഈ ചിങ്ങത്തിൽ കഴിഞ്ഞു.”

“എന്നുമുതലാണ് ഇങ്ങനെ കേൾക്കാൻ പ്രയാസം അനുഭവപ്പെടുന്നത്?”

ഷാജി ഒരു നിമിഷം ആലോചിച്ചു. “കൃത്യമായറിയില്ല ഡോക്ടർ. ആദ്യമൊക്കെ മനസ്സിലായില്ല. പിന്നെ പതുക്കെ പതുക്കെ…”

അമ്മ ഇടപെട്ടു: “ഡോക്ടർ, ഞാൻ ശ്രദ്ധിച്ചത് കഴിഞ്ഞ മൂന്നുമാസമായി അവൻ ഞങ്ങളുടെ സംസാരം ശരിക്ക് കേൾക്കുന്നില്ല എന്നാണ്. ചോദിക്കുന്നതിന് മറുപടി പറയുമ്പോൾ ചിലപ്പോൾ വേറെ എന്തോ ആണ് പറയുന്നത്.”

“ഷാജീ, നിന്റെ ജോലിയെപ്പറ്റി എനിക്ക് പറഞ്ഞുതരുമോ?” ഡോക്ടർ അവനോട് നേരിട്ട് ചോദിച്ചു.

ഷാജി ഒരു നിമിഷം ജാള്യതനായി. ഡോക്ടറുടെ മുഖത്തേക്ക് നോക്കി. “ഞാൻ സൗണ്ട് സിസ്റ്റം ഓപ്പറേറ്റർ ആണ്. പതിനഞ്ചു വർഷത്തിലേറെയായി ഇതുതന്നെയാണ് ജോലി.”

ഡോക്ടർ പേന താടിയോട് ചേർത്തുപിടിച്ച്, “വലിയ സൗണ്ട് സിസ്റ്റങ്ങൾ ഉപയോഗിക്കാറുണ്ടോ?”

“ഉണ്ട്” എന്ന് ഷാജി തലയാട്ടി.

“എത്ര വാട്ട്സ്‌ വരെ?”

“ഏറ്റവും കുറഞ്ഞത് പതിനായിരം വാട്ട്‌സ്. വലിയ പ്രോഗ്രാമുകൾക്ക് അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ ഉപയോഗിക്കാറുണ്ട്.” അവന്റെ ശബ്ദത്തിൽ അഭിമാനം നിഴലിച്ചു.

ഡോക്ടർ എന്തോ കുറിച്ചെടുത്തു. “നിങ്ങൾ ഇയർപ്ലഗുകൾ ഉപയോഗിക്കാറുണ്ടോ? ഹെഡ്ഫോണുകൾ? എന്തെങ്കിലും സംരക്ഷണ ഉപകരണങ്ങൾ?”

ഷാജി പതിയെ തലയാട്ടി, “ഇല്ല ഡോക്ടർ.
ഇയർപ്ലഗ് വെച്ചാൽ ശബ്ദത്തിൻറെ നിയന്ത്രണം ശരിയാവില്ല.”

ഡോക്ടർ ഒരു നിമിഷം മിണ്ടാതിരുന്നു. “ഒരു പരിശോധന നടത്താം,” അദ്ദേഹം പറഞ്ഞു, “ഇതിനു മുമ്പ് കേൾവിപരിശോധന നടത്തിയിട്ടുണ്ടോ?”

“ഇല്ല,” ഷാജി മറുപടി പറഞ്ഞു.

അമ്മയുടെ മുഖത്ത് ഉത്കണ്ഠ വർദ്ധിച്ചു. ഡോക്ടർ അവരെ ഓഡിയോമെട്രി ടെസ്റ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി.

ഷാജിയെ ഒരു ക്യാബിനിൽ ഇരുത്തി, തലയിൽ ഹെഡ്ഫോണുകൾ വെച്ചു. ഇടതുവശത്തും വലതുവശത്തുമായി വിവിധ തരം ശബ്ദങ്ങൾ പ്ലേ ചെയ്തു.

“ശബ്ദം കേൾക്കുമ്പോൾ കൈ ഉയർത്തുക,” ഡോക്ടർ നിർദ്ദേശിച്ചു.

നിശ്ശബ്ദതയിൽ മുങ്ങിക്കിടക്കുന്ന ക്യാബിനിൽ ഷാജി ഉറ്റുനോക്കി കാത്തിരുന്നു. ദൂരെ എവിടെയോ അലയടികൾ പോലെ ഒരു ശബ്ദം കേട്ടതായി തോന്നി. അവൻ കൈ ഉയർത്തി. പിന്നെ ഒന്നും കേൾക്കാനായില്ല. ടെസ്റ്റ് അവസാനിച്ചതിന്റെ സൈൻ വരുമ്പോഴും എന്തോ കേൾക്കുന്നതിനായി അവൻ കാത്തിരുന്നു.

ഓഡിയോഗ്രാം ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു. പിന്നെ ഇരുവരെയും തന്റെ മുറിയിലേക്ക് തിരിച്ചു വിളിച്ചു.

“ഷാജീ,” ഡോക്ടർ ഗൗരവത്തോടെ തുടങ്ങി, “ഓഡിയോഗ്രാം കാണിക്കുന്നത് നിങ്ങൾക്ക് സെൻസറി ന്യൂറൽ ഹിയറിങ് ലോസ് ആണെന്നാണ്.”

ഷാജിക്ക് ആ വാക്കുകൾ നന്നായി മനസ്സിലായില്ല. “അതെന്താണ് ഡോക്ടർ? ചികിത്സിച്ചാൽ മാറുമോ?”

“The patient presents with bilateral sensorineural hearing loss. In the left ear, there is complete loss of hearing for frequencies above 70 dB, while in the right ear, frequencies above 60 dB are significantly impaired. Several high-frequency thresholds are completely absent, indicating profound hearing loss in those ranges.”

കയ്യിലിരുന്ന പേപ്പർ നോക്കി വായിച്ചശേഷം ഡോക്ടർ തുടർന്നു. “ഞാൻ ഷാജിയുടെ കണ്ടീഷൻ വളരെ സൂക്ഷ്മമായി പരിശോധിച്ചു.

ഡോക്ടർ അവന്റെ കൈയിൽ തട്ടി. “ഇത് വലിയ ശബ്ദം തുടർച്ചയായി കേൾക്കുന്നതുകൊണ്ട് കാതിലെ രോമകോശങ്ങൾക്ക് സംഭവിച്ച നാശമാണ്. ദുഃഖകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കേൾവി ഇനി തിരികെ ലഭിക്കില്ല.”

ഡോക്ടർ മേശയിൽ വിരലുകൾകൊണ്ട് മൃദുവായി തട്ടിക്കൊണ്ട് തുടർന്നു,

“ഷാജിയുടെ രണ്ട് ചെവികളിലും സെൻസറിന്യുറൽ (നാഡീ ബന്ധപ്പെട്ട) ശ്രവണനഷ്ടം കാണപ്പെടുന്നു. ഇടതുചെവിയിൽ 70 ഡെസിബെലിനും മുകളിലുള്ള ശബ്ദങ്ങളെ പൂർണ്ണമായും കേൾക്കാനാവില്ല. വലതുചെവിയിൽ 60 ഡെസിബെലിന് മുകളിലുള്ള ശബ്ദങ്ങൾ ഗുരുതരമായി കേൾക്കാൻ ബുദ്ധിമുട്ടാണ്. ചില ഉയർന്ന ശ്രവണപരിധികൾ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്, അതിനാൽ ആ ഭാഗത്ത് ഏറെ ഗുരുതരമാണ്.”

ഷാജിയുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയതുപോലെ. അവൻ വിശ്വസിക്കാൻ വിഷമിച്ചു. “ഡോക്ടർ… പറ്റില്ല… എനിക്കെങ്ങനെ…”

അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “ഡോക്ടർ, നിശ്ചയമാണോ? വേറെ എന്തെങ്കിലും വഴിയില്ലേ?”

ഷാജി മരവിച്ചിരുന്നു. “എന്റെ കേൾവി…” അവന്റെ ശബ്ദം ഇടറി.

ഡോക്ടർ അവന്റെ തോളിൽ കൈവെച്ച് സമാധാനിപ്പിച്ചു: “നിങ്ങൾക്ക് ഹിയറിംഗ് എയ്ഡ് ഉപയോഗിക്കാം. അത് കുറച്ച് സഹായിക്കും. പക്ഷേ ഏറ്റവും പ്രധാനമായി പറയാനുള്ളത് – ഇനി വലിയ ശബ്ദത്തിനടുത്ത് പോകരുത്. കൂടുതൽ കേൾവി നഷ്ടപ്പെടാതിരിക്കാൻ ഇപ്പോഴത്തെ ശബ്ദസംവിധാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.”

ഷാജിയുടെ കണ്ണുകളിൽ നിന്ന് ഇരുട്ടിലേക്ക് വീഴുന്ന കണ്ണുനീർത്തുള്ളികൾ അമ്മ കണ്ടു.

ഡോക്ടർ ഹിയറിംഗ് എയ്ഡിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു. പക്ഷേ ആ വാക്കുകൾ ഷാജിയുടെ ചെവികളിൽ അലിഞ്ഞുചേർന്നില്ല. അവന്റെ മനസ്സിൽ മുഴങ്ങിയത് ഒരേയൊരു ചിന്ത മാത്രം – ഇനി ഒരിക്കലും മീനാക്ഷിയുടെ മധുരഗാനങ്ങൾ പൂർണ്ണമായി കേൾക്കാൻ കഴിയില്ല, അനന്യയുടെ പിയാനോയുടെ തന്മയത്വം അനുഭവിക്കാൻ കഴിയില്ല, പ്രഭാതത്തിൽ പക്ഷികളുടെ കിളിനാദം ആസ്വദിക്കാൻ കഴിയില്ല…

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി. നിരത്തിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളും, ഓടുന്ന കുട്ടികളും, സംസാരിക്കുന്ന മനുഷ്യരും – എല്ലാം ഒരു നിശബ്ദ സിനിമയുടെ ദൃശ്യങ്ങൾ പോലെ.

“ഇതിൽ നിന്നും ഞാൻ രക്ഷപ്പെടുമോ അമ്മേ?” അവൻ പതിയെ ചോദിച്ചു.

അമ്മ അവന്റെ കൈയിൽ മുറുകെ പിടിച്ച്, “നമുക്ക് മുന്നോട്ട് പോകാം മോനേ. ദൈവം ഒരു വഴി കാണിച്ചുതരും.”

കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളി അവന്റെ കവിളിലൂടെ ഒഴുകി.


മാസങ്ങൾ കടന്നുപോയി

ഷാജിയുടെ കേൾവിയില്ലായ്മ നാട്ടിൽ പാട്ടായി. ‘സൗണ്ട് ഷാജി’യുടെ പതനം പലർക്കും വിശ്വസിക്കാനായില്ല. അവന്റെ ഓർമ്മകളിൽ, ആ മുഖങ്ങൾ – പരസ്പരം നോക്കി പിറുപിറുക്കുന്ന പരിഹാസിക്കുന്ന മുഖങ്ങൾ – കൂടുതൽ വേദനയായി മാറി.

വീടിനടുത്തുള്ള കാവിലെ ഉത്സവദിനം വന്നെത്തി. ആ പ്രതിസന്ധി ഘട്ടത്തിലും, ഷാജിയുടെ ഉള്ളിൽ കലാകാരന്റെ പ്രേരണ ചിറകടിച്ചു. തന്റെ അവസാനത്തെ പ്രൊഫഷണൽ സേവനമെന്ന് മനസ്സിൽ തീരുമാനിച്ച്, കാവിലെ ചുമതലക്കാരോട് അങ്ങോട്ട് പോയി അവൻ ലൈറ്റ് ആൻഡ് സൗണ്ട് വർക്ക് സൗജന്യമായി ചെയ്തുകൊടുക്കാമെന്നേറ്റു.

ആദ്യം അവർ സമ്മതിച്ചില്ല – അറിയാത്ത പേടിയും, കരുതലും, സംശയവും അവരെ പിന്തിരിപ്പിച്ചു. എന്നാൽ ഷാജി കരഞ്ഞ് കാലുപിടിച്ച് നിർബന്ധിച്ചപ്പോൾ, ലൈറ്റ് സംവിധാനം മാത്രം മതി എന്ന നിബന്ധനയോടെ അവർ സമ്മതിച്ചു. “അവന്റെ അവസാനത്തെ പ്രോഗ്രാമാണ്” എന്ന് അറിഞ്ഞതിനാലാണ് അതിനും അവരുടെ ഹൃദയങ്ങൾ അലിഞ്ഞു.

ഉത്സവദിവസം വന്നെത്തി. അവസാനമായി ഷാജി തന്റെ സിസ്റ്റം ഒരുക്കാനെത്തി – ചിറകറ്റ പക്ഷിക്ക് വീണ്ടും പറക്കാനുള്ള ആഗ്രഹം പോലെ. അവൻ എല്ലാം കൃത്യമായി സജ്ജീകരിച്ചു. ലൈറ്റുകളും മൈക്കുകളുമൊക്കെ സ്ഥാപിച്ചു – പഴയ പരിചയത്തിന്റെ ദൃഢതയോടെ, തന്റെ കൈകൾ അറിയാതെയും പ്രവർത്തിച്ചു.

പക്ഷേ, സ്പീക്കറുകൾക്ക് കണക്ഷൻ കൊടുത്തില്ല.

ജനക്കൂട്ടം അമ്പരപ്പോടെ നോക്കി. ഒരു നിമിഷത്തേക്ക് ആ നാട്ടിൽ തന്നെ മൗനം നിറഞ്ഞു. ശബ്ദമില്ലാത്ത വേദി. അവർക്കൊന്നും മനസ്സിലായില്ല. “സൗണ്ട് ഷാജി” യുടെ പ്രൊഫഷണലിസം എവിടെ? അവനെന്ത് പറ്റി? എന്തുകൊണ്ട് സ്പീക്കറുകൾ കണക്ട് ചെയ്തില്ല?

അപ്പോഴാണ്, ഷാജി തന്റെ പ്രതിഷേധത്തിന്റെ അടുത്ത ചുവടുവച്ചത്. അവൻ അവിടെ നിന്ന് തന്റെ ശേഷിക്കുന്ന ആത്മശക്തിയോടെ ഉച്ചത്തിൽ അലറിവിളിച്ചു:

“ഈ ലൗഡ്സ്പീക്കർ ശബ്ദം എന്റെ കേൾവിയില്ലാതാക്കിയിരിക്കുന്നു! ഈ ശബ്ദം ഇനി ആരും കേൾക്കില്ല! സൗണ്ട് ഷാജി വിരമിച്ചിരിക്കുന്നു!”

ആ വാക്കുകളിൽ പതിറ്റാണ്ടുകളുടെ പ്രണയവും, വേദനയും, അഭിമാനവും ഒന്നിച്ചൊഴുകി. പിന്നെ അവൻ ലൈറ്റുകളെല്ലാം ഓണാക്കി കൊടുത്തിട്ട്, കണ്ണീരോടെ അവിടെ നിന്നും നടന്നകന്നു.

“സൗണ്ട് ഷാജി” യുടെ വിടവാങ്ങൽ നാടിനെ സ്തബ്ധമാക്കി – ശബ്ദത്തിന്റെ രാജാവ് ശബ്ദമില്ലായ്മയുടെ രാജ്യത്തേക്ക് നടന്നകന്ന ആ ദൃശ്യം എല്ലാവരുടെയും ഹൃദയത്തിൽ അലയടിച്ചു.


ഹിയറിംഗ് എയ്ഡ് സ്ഥാപിക്കാൻ

ജില്ലാ ആശുപത്രിവരാന്തയിൽ കാത്തിരിക്കവേ, ഒരു സന്നദ്ധപ്രവർത്തക അവന്റെ നേരെ നടന്നുവന്നു – ജീവിതത്തിന്റെ നാടകീയതയിൽ ഒരു അപ്രതീക്ഷിത കഥാപാത്രം പോലെ. അവൾ നീട്ടിയത് “സൈലൻസ് ദി നോയിസ് കാമ്പെയ്ൻ” എന്ന ശബ്ദമലിനീകരണ വിരുദ്ധ കൂട്ടായ്മയുടെ ഒരു ബ്രോഷർ ആയിരുന്നു – നഷ്ടപ്പെട്ട കേൾവിയുടെ നേരേയുള്ള പരിഹാസം പോലെ.

ഷാജി ആ പത്രിക വായിച്ചപ്പോൾ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി – ജീവിതത്തിന്റെ കൈയ്യൊപ്പിലെ പരിഹാസത്തിന്റെ തിരിച്ചറിവിൽ.

കരയുന്ന അവനെ ചേർത്തുനിർത്തിയ അമ്മ അവനോട് സ്നേഹത്തോടെ ചോദിച്ചു:

“എന്തിനാ മോനേ കരയുന്നത്?”

ഷാജിയുടെ ഉള്ളിൽ ആദ്യമായി ഒരു തിരിച്ചറിവിന്റെ വെളിച്ചം കത്തി. അവൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു:

“അമ്മാ, ഈ നോട്ടീസുമായി ഒരാൾ രണ്ടുമൂന്ന് വർഷം മുൻപ് എൻറെ പ്രോഗ്രാം നടക്കുന്നയിടത്ത് വന്നിരുന്നു” അവന്റെ ശബ്ദം അനുതാപത്തിലും പശ്ചാത്താപത്തിലും മുങ്ങി. അയാളെ ഞാനും പ്രോഗ്രാം കമ്മിറ്റിക്കാരും കൂടെ തല്ലിയോടിച്ചിരുന്നു. അതിനിടയിലും അയാൾ എന്നോട് പറയുന്നുണ്ടായിരുന്നു, ‘നിന്റെ ശബ്ദസെറ്റപ്പ് വളരെ മോശമായാണ് കേൾക്കുന്നത്. ശബ്ദം കുറച്ചുവച്ച് നന്നായി സെറ്റ് ചെയ്താൽ അവിടെയിരിക്കുന്നവർക്ക് ഭംഗിയായി കേൾക്കാനാകും’ എന്ന്.

‘എൻറെ കേൾവി കൊണ്ടുപോയി പരിശോധിക്കാണം’ എന്ന് അവൻ കമ്മിറ്റിക്കാരോട് പറഞ്ഞതായി അവർ എന്നോട് അന്ന് പറഞ്ഞിരുന്നു.”


അവസാന വാക്കുകൾ

ഷാജി മാർ നമുക്കിടയിൽ ഇന്നും ജീവിക്കുന്നു.
പുതിയ ഷാജി മാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ശബ്ദമലിനീകരണം ചട്ടം പാലിക്കാം.

സ്നേഹപൂർവ്വം,

Manu A S
Campaign Co-ordinator, Silence the Noise,
_____________________________________________________
Email: noisepollutioncontrol.org@gmail.com
_____________________________________________________
https://essenseglobal.com/activism/silence-the-noise
_____________________________________________________

കുറിപ്പ്:

ഷാജിയുടെ കഥ (ശബ്ദമില്ലാത്ത സംഗീതം) കേരളത്തിലെ ലൗഡ്സ്പീക്കർ പ്രവർത്തനമേഖലയുടെ നേർചിത്രമാണ്. ഈ അദൃശ്യ ഭീഷണി നമ്മെയെല്ലാം നിശബ്ദമായി വലയം ചെയ്തിരിക്കുന്നു. ഉയർന്ന ആവൃത്തികളിൽ (3,000 Hz-ന് മുകളിൽ) തുടങ്ങുന്ന കേൾവിക്കുറവ്, പടിപടിയായി താഴ്ന്ന ആവൃത്തികളിലേക്ക് വ്യാപിച്ച്, ഒടുവിൽ നമ്മെ ഒരു “ശബ്ദമില്ലാത്ത ലോകത്തിലേക്ക്” നയിക്കുന്നു.

ഇത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. തിരിച്ചറിയാൻ വൈകുന്നത് തലച്ചോറിന്റെ സൂക്ഷ്മമായ വഞ്ചന കാരണമാണ്. സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെടുമ്പോൾ, തലച്ചോറ് അതിനെ മറയ്ക്കാൻ ഭ്രമങ്ങൾ സൃഷ്ടിക്കുന്നു – കേൾക്കാത്ത സംഭാഷണ ശകലങ്ങൾക്ക് അർത്ഥം നൽകുന്നു, ഒടുവിൽ കേൾവിയുടെ ഭൂരിഭാഗവും കൈമോശം വന്നതിനുശേഷം മാത്രമാണ് നാം നിശബ്ദതയുടെ ശൂന്യത തിരിച്ചറിയുന്നത്.

ഭാവിയിലേക്കുള്ള നോട്ടം

ഇന്ന് 25 വയസ്സുള്ള ഒരു വ്യക്തി 80-90 വയസ്സുവരെ ജീവിക്കാൻ സാധ്യതയുണ്ട്, അത്രമേൽ വളർന്നിരിക്കുന്നു ശാസ്ത്ര-സാങ്കേതിക വിദ്യകൾ. എന്നാൽ എത്രപേർക്ക് 60 വയസ്സിനുമേൽ കേൾവിശക്തി ഉണ്ടായിരിക്കും എന്നത് പ്രവചനാതീതമാണ്. അത്രയ്ക്ക് ഉയർന്നതാണ് കേരളത്തിലെ ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തിൻറെ അളവ്. ഇതിന് പ്രധാന ഉത്തരവാദികൾ ഇവിടത്തെ ലൈറ്റ് ആൻറ് സൗണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണെന്നത് നിസ്തർക്കമായ വസ്തുതയാണ്.

കേൾവി കുറയുമ്പോൾ എന്ത് സംഭവിക്കുന്നു?
  • സാമൂഹിക ഒറ്റപ്പെടൽ: പശ്ചാത്തല ശബ്ദമുള്ള സ്ഥലങ്ങളിൽ സംഭാഷണങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നു, ഇത് ബന്ധങ്ങളെ ബാധിക്കുന്നു.
  • തെറ്റിദ്ധരിക്കപ്പെടുന്ന പ്രശ്നം: “സംസാരം വ്യക്തമല്ല” എന്നതിനുപകരം “സംഭാഷണം മോശമാണ്” എന്ന് തെറ്റായി കരുതി, യഥാർത്ഥ കേൾവിക്കുറവ് പ്രശ്നം മറച്ചുവയ്ക്കപ്പെടുന്നു.
  • തെറ്റായ ധാരണ: കേൾവിക്കുറവിനെ “വയോധികരുടെ മാത്രം പ്രശ്നം” എന്ന് സമൂഹം തെറ്റിദ്ധരിക്കുമ്പോൾ, യുവാക്കളിലും ഇത് വ്യാപകമാകുന്നത് അവഗണിക്കപ്പെടുന്നു.
കേൾവി സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ
  1. സ്വയം സംരക്ഷണം: 85 ഡെസിബെലിനു മുകളിലുള്ള ശബ്ദപരിസരത്തിൽ ഇയർപ്ലഗ്/ഇയർമഫ് നിർബന്ധമായും ഉപയോഗിക്കുക.
  2. ഉത്തരവാദിത്തപൂർണ്ണമായ ശബ്ദനിയന്ത്രണം: തുറസ്സായ സ്ഥലങ്ങളിൽ ലൗഡ്സ്പീക്കറുകൾ 55 ഡെസിബെലിൽ കവിയാത്ത ശബ്ദത്തിൽ മാത്രം ഉപയോഗിക്കുക.
  3. നിരന്തര പരിശോധന: വർഷത്തിലൊരിക്കലെങ്കിലും ഓഡിയോമെട്രി പരിശോധന നടത്തുക.
  4. സാമൂഹിക ഇടപെടൽ: ലൗഡ്സ്പീക്കർ ദുരുപയോഗം, വ്യവസായശാലകളിലെ ശബ്ദമലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള അമിതശബ്ദം എന്നിവയ്ക്കെതിരെ സാമൂഹിക ബോധവത്കരണം നടത്തുക.

എന്തുകൊണ്ട് പ്രധാനമാണ്?

ഓർക്കുക: ചെവിയിലെ രോമകോശങ്ങൾക്ക് പുനർജനിക്കാൻ കഴിയില്ല. ഒരിക്കൽ നശിച്ചാൽ, അവ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

ഷാജിയുടെ മൗനം നമ്മോട് ചോദിക്കുന്നു: “ശബ്ദത്തിന്റെ രാജാക്കന്മാർ ആരാണ്? നമ്മളോ, അതോ നമ്മുടെ ലൗഡ്സ്പീക്കറുകളോ?”

ശ്രദ്ധിക്കുക!

തുടർച്ചയായി ഉയർന്ന ശബ്ദത്തിന് സമീപം ജോലി ചെയ്യുന്നവർക്ക് ഹിയറിംഗ് എയ്ഡുകൾ മാത്രം പരിഹാരമല്ല. നിങ്ങളുടെ കേൾവി നിങ്ങൾ തന്നെയാണ് തിരിച്ചുവരാത്തവിധം നശിപ്പിക്കുന്നത്.

സൗണ്ട് ഷാജിമാർ ഇനിയും ഉണ്ടാകാതിരിക്കാൻ, നിയമവിരുദ്ധ ശബ്ദമലിനീകരണത്തിനെതിരെ ഓരോരുത്തരും ശക്തമായി നിലകൊള്ളുക!

Loading

Leave a Comment