നിർബന്ധിത ആചാരങ്ങൾ:

ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ചെയ്യിക്കുന്നവൻ്റെ മൂല്യമില്ലായ്മയുടെ പ്രതിഫലനവും


ആമുഖം

ഇന്നിൻറെ ഇന്ത്യൻ സമൂഹത്തിൽ വിശ്വാസത്തിനും ആത്മീയതക്കും വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അവകാശങ്ങൾ ഹനിക്കുമ്പോൾ, അതിനെ എങ്ങനെ വിലയിരുത്തണം? പ്രത്യേകിച്ച്, കുട്ടികളെ നിർബന്ധിച്ച് മതാചാരങ്ങൾ നിർവഹിപ്പിക്കുമ്പോൾ, അതിന്റെ നിയമപരമായും നൈതികമായും ഉള്ള പ്രതിഫലനങ്ങൾ എന്താണ്? ഈ ചോദ്യങ്ങൾ ഇന്ന് അത്യന്താപേക്ഷിതമായി ഉയരുന്നവയാണ്.

ഭരണഘടനയും മതസ്വാതന്ത്ര്യവും

ഭരണഘടന മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം, വിശ്വാസ സ്വാതന്ത്ര്യത്തിനും ഉറപ്പ് നൽകുന്നു. അർട്ടിക്കിൾ 21 പ്രകാരം, ഓരോ വ്യക്തിയുടെയും ജീവിക്കാൻ ഉള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. അർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴും, അതിനൊരു പരിധി വയ്ക്കുന്നു—മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കാതിരിക്കുക. അതായത്, ഒരു വ്യക്തിക്ക് സ്വയം മതാചാരങ്ങൾ പാലിക്കാമെങ്കിലും, മറ്റൊരാളിൽ അത് നിർബന്ധിതമാക്കാൻ അവകാശമില്ല.

കുട്ടികളുടെ അവകാശങ്ങളും മാനസിക വികസനവും

കുട്ടികൾ സ്വതന്ത്രചിന്തയിൽ വളരേണ്ടവരാണ്. അവർക്ക് എന്താണ് ശരിയെന്നും തെറ്റെന്നുമുള്ള അവബോധം രൂപപ്പെടേണ്ടതും, അവരുടെ വിശ്വാസങ്ങളോ ആചാരങ്ങൾ ആചരിക്കലോ, സ്വതന്ത്രമായ രൂപം കൊള്ളേണ്ടതുമാണ്.

‘ഗുരു പൂജ’ പോലുള്ള ആചാരങ്ങൾ കുട്ടികളെ നിർബന്ധിച്ച് നിർവഹിപ്പിക്കുമ്പോൾ, അവരുടെ ആത്മാഭിമാനത്തെയും വ്യക്തിത്വവികാസത്തെയും തകർക്കുകയാണ് ചെയ്യുന്നത്. “ഞാൻ ആരാധിക്കപ്പെടേണ്ടവനാണ്” എന്ന ദുർബോധത്തിൽ നിന്നും ഉടലെടുക്കുന്ന ചിന്തകളാണ് ഇങ്ങനെ കുട്ടികളെക്കൊണ്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ശരിയായ പൌരബോധമില്ലായ്മയാണ് ഇത്തരം വികലമായ ചിന്തകളിലേയ്ക്ക് എത്തിക്കുന്നതും.

സാമൂഹിക പ്രത്യാഘാതങ്ങൾ

ചിലരുടെ ഇത്തരം പ്രവർത്തികൾ വ്യത്യസ്ത കാഴ്ചപ്പാടുള്ള മനുഷ്യരിൽ ആന്തരികമായ സ്പർദ്ധ രൂപപ്പെടുന്നതിന് കാരണമാകും. വ്യത്യസ്ത ആശയങ്ങളിലും കാഴ്ചപ്പാടിലും വളരുന്ന കുട്ടികളെ നിർബന്ധിച്ച് ഇങ്ങനെ ചെയ്യിക്കുന്നതുവഴി അവരുടെ ഉള്ളിൽ രൂപപ്പെടുന്ന തെറ്റായ ബോധം അവരെ ആത്മവിശ്വാസമില്ലാത്തവരാക്കാൻ പ്രേരിപ്പിക്കും.

കുട്ടികൾ ചെയ്യുന്ന ഇത്തരം പ്രവർത്തി അവയുടെ യഥാർത്ഥ അർത്ഥം അറിയാതെയോ, അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനാകാതെയോ ആയിരിക്കും. ഇത്തരം നിർബന്ധിത പ്രവർത്തികൾ കുട്ടികൾക്കിടയിൽ തത്വചിന്തയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാനേ സഹായിക്കൂ.

മൂല്യമില്ലായ്മയും സമൂഹത്തിന്‍റെ ഉത്തരവാദിത്തവും

മതപരമായ ആചാരങ്ങൾ തികച്ചും വ്യക്തിപരമായ അനുഭവങ്ങളായിരിക്കുമ്പോൾ മാത്രമേ അവയ്ക്ക് യഥാർത്ഥ മൂല്യമുണ്ടാകൂ. നിർബന്ധിതമായി ചെയ്യിച്ചാൽ, അത് തീർച്ചയായും ഭയത്തിലും, അറിവില്ലായ്മയിലും അധിഷ്ഠിതമായ രീതിയിലായിരിക്കും നടക്കുന്നത്. ഇത് സമൂഹത്തിൽ വിമർശനാത്മക ചിന്തയെ ഇല്ലാതാക്കും. വിമർശനാത്മക ചിന്തയില്ലാത്ത സമൂഹം ഒന്നിനും കൊള്ളാത്തതായിരിക്കും.

ഇത്തരം പ്രവണതകളോട് തുറന്നുപറഞ്ഞ് പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒന്നിൻറെയും പേരിൽ കുട്ടികളെ ഉപയോഗിച്ച് അവർക്ക് മനസ്സിലാവാത്ത ആചാരങ്ങൾ നിർബന്ധിതമാക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള ഗുരുതരമായ വെല്ലുവിളിയാണ്.

നമ്മുടെ ഭാവി: തീരുമോ ഈ ശീലങ്ങൾ?

ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യമാണ്. ഇവിടെ ഒരാൾക്ക് മതം അനുസരിച്ച് ജീവിതം നയിക്കാനാവും, എന്നാൽ മറ്റൊരാൾ അത് ചെയ്യണം എന്ന് നിർബന്ധമാക്കാനാവില്ല. ഇത്തരം അനാവശ്യമായ ആചാരങ്ങൾ നിർബന്ധിതമായി ആചരിക്കാൻ പ്രേരിപ്പിക്കുന്നവർ സമൂഹത്തിലെ മൂല്യബോധമില്ലായ്മയുടെ പ്രതിനിധികളായി മാറും.

ഉപസംഹാരം

ഓരോ വ്യക്തിക്കും ചിന്തയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണ്.

വിശ്വസ്തതയോടെ,

മനു എ എസ്

Loading

Leave a Comment