ശബ്ദമലിനീകരണത്തിനെതിരെ ഒരു സമഗ്ര പോരാട്ടംകൈപ്പുസ്തകം
തയ്യാറാക്കിയത്: മനു എ എസ്, കൊല്ലം.
Chapter – 1
എന്താണ് ശബ്ദം?
ശബ്ദം എന്നത് വായുവിലൂടെയുള്ള കമ്പനങ്ങളാണ്. വസ്തുക്കളുടെ കമ്പനം മൂലം ഉണ്ടാകുന്ന മർദ്ദവ്യതിയാനങ്ങൾ വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ ചെവിയിലെത്തുമ്പോഴാണ് നമുക്ക് ശബ്ദം കേൾക്കാൻ കഴിയുന്നത്.
ഇത് മനസ്സിലാക്കാൻ ഒരു ചെറിയ പരീക്ഷണം ചെയ്യാം:
നിങ്ങളുടെ കൈ കൊണ്ട് ഒരു മേശപ്പുറത്ത് മൃദുവായി തട്ടുക. നിങ്ങൾക്ക് ഒരു ശബ്ദം കേൾക്കാം. ഇപ്പോൾ കൂടുതൽ ശക്തിയായി തട്ടുക. ശബ്ദം കൂടുതൽ ഉച്ചത്തിലാകുന്നു.
എന്താണ് സംഭവിക്കുന്നത്: നിങ്ങളുടെ കൈ മേശയുമായി കൂട്ടിമുട്ടുമ്പോൾ, അത് മേശയെ കമ്പനം കൊള്ളിക്കുന്നു. ഈ കമ്പനം ചുറ്റുമുള്ള വായുവിനെ അമർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു, ഇത് തരംഗങ്ങൾ പോലെ പുറത്തേക്ക് സഞ്ചരിക്കുന്നു. ഈ വായു തരംഗങ്ങൾ നിങ്ങളുടെ ചെവിയിലെത്തുമ്പോൾ, അവ നിങ്ങളുടെ ചെവിയിലെ കർണപടലത്തെ കമ്പനം കൊള്ളിക്കുന്നു. ഈ കമ്പനങ്ങൾ നിങ്ങളുടെ മസ്തിഷ്കം ശബ്ദമായി വ്യാഖ്യാനിക്കുന്നു. കൂടുതൽ ശക്തിയായി തട്ടുമ്പോൾ, വായുവിന്റെ കമ്പനം കൂടുതൽ വലുതാകുന്നു, അതുകൊണ്ടാണ് നിങ്ങൾ കൂടുതൽ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത്.
ഇതുപോലെ, സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദതന്തുക്കൾ കമ്പനം കൊള്ളുന്നു, സംഗീതോപകരണങ്ങൾ വായിക്കുമ്പോൾ അവയുടെ ഭാഗങ്ങൾ കമ്പനം കൊള്ളുന്നു – എല്ലാ ശബ്ദങ്ങളും ഇത്തരം കമ്പനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഈ രീതിയിൽ, ശബ്ദം എന്നത് വസ്തുക്കളുടെ കമ്പനം മൂലം വായുവിലുണ്ടാകുന്ന മർദ്ദവ്യതിയാനങ്ങളാണ്, അവ നമ്മുടെ ചെവികളിലൂടെ കേൾവിയനുഭവമായി മാറുന്നു.
Chapter – 2
എന്താണ് ശബ്ദമലിനീകരണം?
ശബ്ദമലിനീകരണം എന്നത് പരിസ്ഥിതിയിൽ അനാവശ്യമായും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ശബ്ദങ്ങളുടെ സാന്നിധ്യമാണ്. ഇത് സാധാരണ പരിസ്ഥിതിയിലെ ശബ്ദനിലവാരത്തെ അതിലംഘിക്കുകയും, മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ച്, മനുഷ്യനിർമ്മിത ശബ്ദമലിനീകരണത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ലൗഡ്സ്പീക്കറുകൾ. ഇവ പലപ്പോഴും അമിതമായ ഉച്ചത്തിൽ ഉപയോഗിക്കപ്പെടുന്നു, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളിലും അനിയന്ത്രിതവും സ്ഥിരവുമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇങ്ങനെയൊന്നും ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നകാര്യം നാം തിരിച്ചറിയുന്നു പോലുമില്ല.
നിങ്ങൾക്കറിയാമോ ?
- സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ വ്യക്തിക്കും/സ്ഥാപനത്തിനും നിയമപരമായി അധികാരമില്ല.
- മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങളെല്ലാം നിശബ്ദമേഖലയിൽ ഉൾപ്പെടുന്നു.
- ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദമേഖലയിലാണ്.
- നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ അനുമതി നൽകാൻ നിയമപരമായി കഴിയില്ല.
- അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
- രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
- കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
- നിയമപ്രകാരം അനുമതി നൽകന്നത് പരമാവധി 2 സ്പീക്കറുകൾ (പേപ്പർ തരം) ഉള്ള 2 ബോക്സിനുമാത്രം.
ഈ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, പലപ്പോഴും ഇവ പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊതുജന ബോധവത്കരണവും കർശനമായി നിയമം നടപ്പാക്കലും ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാകും. നമ്മുടെ പരിസരത്തെ ശബ്ദമലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാകുകയും, ആവശ്യമെങ്കിൽ അധികാരികളെ വിവരമറിയിക്കുകയും ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.
ലൗഡ് സ്പീക്കർ ലൈസൻസ് വ്യവസ്ഥകൾ (U6-30380/2002)
- ഒരു ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള പോലീസ് വകുപ്പിലെ യോഗ്യതയുള്ള അധികാരി സബ് ഡിവിഷണൽ പോലീസ് ഓഫീസർ അല്ലെങ്കിൽ പ്രാദേശിക അധികാരപരിധിയിലുള്ള പോലീസ് സൂപ്രണ്ട് / പോലീസ് കമ്മീഷണർ ആയിരിക്കും.
- ലൈസൻസുകൾക്കായുള്ള അപേക്ഷകൾ 7 ദിവസം മുമ്പ് യോഗ്യതയുള്ള അതോറിറ്റിക്ക് സമർപ്പിക്കും.
- കാലാകാലങ്ങളിൽ സർക്കാർ നിർദേശിക്കുന്ന ഫീസ് അപേക്ഷകരിൽ നിന്ന് ഈടാക്കും.
- ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ, അത് അന്വേഷിച്ച തീയതി, സ്ഥലം, സമയം, ഉദ്ദേശ്യം എന്നിവ സംബന്ധിച്ച് കൃത്യമായിരിക്കണം.
- അതിനായി നിർദ്ദേശിച്ചിട്ടുള്ള ഫോമിൽ വിവിധ വ്യവസ്ഥകൾ സൂചിപ്പിച്ചുകൊണ്ട് ലൈസൻസുകൾ നൽകും. 2000-ലെ ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങളുടെ, ലംഘനമായതിനാൽ പൊതു അനുമതികൾ നൽകില്ല.
- ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000-ലെ റൂൾ 5 ൽ നിർവചിച്ചിരിക്കുന്ന പ്രകാരം ആശയവിനിമയത്തിനായി ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് റൂമുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് ഹാളുകൾ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിൽ ഒഴികെ രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
- എസ്.ആർ.ഓ നമ്പർ 289/2002 പ്രകാരം കേരള സർക്കാർ വിജ്ഞാപനം ചെയ്യുന്ന മേഖലയും ഓരോ സോണിനും അനുവദനീയമായ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങളും കണക്കിലെടുത്താണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നത്.
വ്യാവസായിക മേഖല: പകൽ 75 dB രാത്രി 70 dB
വാണിജ്യ മേഖല: പകൽ 65 dB രാത്രി 55 dB
ആവാസ മേഖല: പകൽ 55 dB രാത്രി 45 dB
നിശ്ശബ്ദ മേഖല: പകൽ 50 dB രാത്രി 40 dB - സൈലൻസ് സോണിനുള്ളിൽ (ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, റിസർവ് വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ ഉൾപ്പെടുന്ന പ്രദേശം) ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകില്ല.
- പൊതു ഓഫീസുകൾക്ക് ചുറ്റുമുള്ള 100 മീറ്ററിനുള്ളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകില്ല.
- ചലിക്കുന്ന വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
- പൊതുനിരത്തുകളിലോ തിരക്കേറിയ ജംങ്ഷനുകൾക്ക് സമീപമോ പൊതുജന ശല്യവും സുഗമമായ ഗതാഗതത്തിന് തടസ്സവും സൃഷ്ടിക്കുന്ന ഒരു ഉച്ചഭാഷിണിയും ഉപയോഗിക്കാൻ അനുവദിക്കില്ല.
- മൈക്രോഫോണിൻ്റെയോ ആംപ്ലിഫയറിൻ്റെയോ അടുത്തുനിന്നും 300 മീറ്ററിനപ്പുറം ലൗഡ് സ്പീക്കറുകൾ സ്ഥാപിക്കാൻ പാടില്ല.
- ഓരോ ബോക്സിലും രണ്ട് സ്പീക്കറിൽ കൂടാത്ത 2 പെട്ടി തരത്തിലുള്ള ഉച്ചഭാഷിണികൾക്ക് മാത്രമേ ലൈസൻസ് നൽകൂ.
- ഒരു വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഇത്തരം പെട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തും.
- വാഹനങ്ങൾ ഒഴികെയുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകളിൽ സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്ന ബോക്സുകളുടെ എണ്ണം വ്യക്തമാക്കിയിരിക്കും.
- a) പൊതു ശല്യം അല്ലെങ്കിൽ ക്രമസമാധാന പരിപാലനത്തിൻ്റെ താൽപ്പര്യം മുൻനിർത്തി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം ലൈസൻസി ഉച്ചഭാഷിണിയുടെ പ്രവർത്തനം നിറുത്തണം.
b) ലൈസൻസിൻ്റെ വ്യവസ്ഥകൾ ലംഘിക്കുന്ന /അല്ലെങ്കിൽ പോലീസ് എസ്. ഐ. റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ലൈസൻസി 1960-ലെ കെ. പി. ആക്ട് പ്രകാരം നടപടി നേരിടണം.
c) 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിൻ്റെ 15 വകുപ്പിൽ അഞ്ച് വർഷം വരെ തടവോ 1 ലക്ഷം രൂപവരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായതിനാൽ നിയമലംഘനം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ അതോറിറ്റി (SDPO/SP/CP) സ്വീകരിക്കാവുന്നതാണ്.
Chapter – 3
പ്രധാന ഉറവിങ്ങൾ
1. ലൗഡ്സ്പീക്കറുകൾ:
a. ആഘോഷങ്ങൾ
- വിവാഹങ്ങൾ: വിവാഹ ചടങ്ങുകളിലെ ലൗഡ്സ്പീക്കർ ഉപയോഗം വളരെ സാധാരണമാണ്. സംഗീതം, പ്രഖ്യാപനങ്ങൾ, ഡാൻസ് ഇവയൊക്കെ ലൗഡ്സ്പീക്കറുകൾ വഴി വ്യാപകമായി നടത്തപ്പെടുന്നു.
- ജന്മദിനങ്ങൾ: ജന്മദിന ആഘോഷങ്ങളിൽ കളികൾ, ഗാനം, മൈക്ക് ഉപയോഗിച്ചുള്ള പരിപാടികൾ തുടങ്ങിയവയുടെ ശബ്ദം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.
- വിജയാഘോഷങ്ങൾ: പഠന വിജയങ്ങൾ, കായിക വിജയങ്ങൾ മുതലായവ ആഘോഷിക്കുമ്പോൾ ലൗഡ്സ്പീക്കറുകളുടെ ശബ്ദം പരമാവധി ഉപയോഗിക്കപ്പെടുന്നു.
b. മതപരമായ ചടങ്ങുകൾ
- ഉത്സവങ്ങൾ: ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങളിൽ ലൗഡ്സ്പീക്കറുകൾ വഴി പാട്ടുകൾ, പ്രസംഗങ്ങൾ, അറിയിപ്പുകൾ, ആരാധനകൾ തുടങ്ങിയവയുടെ ശബ്ദം പരിസര പ്രദേശങ്ങളിൽ വ്യാപിക്കുന്നു. നിയമവിരുദ്ധമായി പൊതുനിരത്തിലും, സ്വകാര്യ ഇടങ്ങളിലും, അനുവദനീയമായ പരിധിയിലും വളരെ അകലെ ദൂരത്തേയ്ക്കും, ലൗഡ്സ്പീക്കറുകൾ സ്ഥാപിക്കുന്നത് കൂടുതൽ ശബ്ദമലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. അപകടകരമാണെന്ന് തെളിഞ്ഞതിനാൽ വർഷങ്ങൾക്ക് മുന്പ് നിരോധിച്ച കോളാമ്പി തരം ലൗഡ്സ്പീക്കറുകളും അവയുടെ പരിഷ്കരിച്ച പതിപ്പുകളും ഇന്നും ആരാധനാലയങ്ങളിൽ സ്ഥിരമായും ഉത്സവങ്ങൾക്കും നാടുമുഴുവൻ ശബ്ദമലിനീകരണം സൃഷ്ടിക്കാനായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്നത് നിയമ അവബോധവും ആരോഗ്യ അവബോധവും തീരെയില്ലാത്തതിന് ഉദാഹരണവുമാണ്.
- ഭജന, പ്രാർത്ഥനകൾ: കുറച്ചുനേരത്തേയ്ക്കോ ദിവസം മുഴുവനുമോ നീണ്ടുനിൽക്കുന്ന ഭജനകളും പ്രാർത്ഥനകളും വളരെ ഉച്ചത്തിലുള്ള ശബ്ദത്തിൽ കേൾപ്പിക്കുന്നത്, ചുറ്റുപാടുമുള്ള സാധാരണജീവിതം നയിക്കുന്നവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെയധികമാണ്.
- നേർച്ച വെടികളും: ആരാധനാലയത്തിലും മറ്റും സ്ഥിരമായി നടത്തുന്ന വെടി നേർച്ചകളും, കന്പവും ഉണ്ടാക്കുന്ന ശബ്ദമലിനീകരണം വളരെ അധികമാണ്.
- മറ്റുള്ളവ: മണിയൊച്ച, ചെണ്ട, നാസിക്ഡോൾ തുടങ്ങി അതിശബ്ദം ഉത്പാദിപ്പിക്കുന്ന പലതരം മലിനീകരണങ്ങൾ മതപരമായ ചടങ്ങിലൂടെ ഉത്പാദിപ്പിക്കുന്നു.
c. രാഷ്ട്രീയ പരിപാടികൾ
- റാലികൾ: രാഷ്ട്രീയ റാലികൾ, പ്രകടനങ്ങൾ എന്നിവയിൽ തീവ്രശബ്ദത്തിൽ ലൗഡ്സ്പീക്കറുകൾ ഉപയോഗിച്ച് പ്രസംഗങ്ങൾ, മുദ്രാവാക്യങ്ങൾ ഉച്ചരിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു.
- പൊതുയോഗങ്ങൾ: പൊതുയോഗങ്ങളിലും പൊതുപ്രകടനങ്ങളിലും വലിയ ശബ്ദത്തിൽ ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നത് വലിയ മലിനീകരണം ഉണ്ടാക്കുന്നു.
d. വാണിജ്യ പരസ്യങ്ങൾ
- വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, ഓഫറുകൾ എന്നിവയിലൂടെ ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ വിളിച്ചറിയിക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
e. ഓടുന്ന വാഹനങ്ങളിലെ ശബ്ദമലിനീകരണം
- ടൂറിസ്റ്റ് വാഹനങ്ങൾ, സ്കൂൾ ബസുകൾ, പാസഞ്ചർ ഓട്ടോകൾ, ലൈൻ ബസ്സുകൾ, ആഘോഷ യാത്രാവഹനങ്ങൾ, ഉത്സവങ്ങളിലെ എഴുന്നള്ളിപ്പ് വാഹനങ്ങൾ, ജലവാഹനങ്ങൾ എന്നിവയിലെ ഉള്ള മ്യൂസിക് സിസ്റ്റങ്ങൾ വളരെ തീവ്രശബ്ദം സൃഷ്ടിക്കുന്നു.
- ടൂറിസ്റ്റ് വാഹനങ്ങളിലെയും സ്കൂൾ ബസുകളിലെയും മ്യൂസിക് സിസ്റ്റങ്ങൾ നിയമവിരുദ്ധമായി ശക്തിയുള്ള സബ് വൂഫറുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ സൃഷ്ടിക്കുന്ന ശബ്ദം പ്രത്യേകിച്ച് ലോഫ്രീക്വൻസി ശബ്ദം യാത്രക്കാർക്കും കേൾവിപരിധിയിലുള്ള മറ്രുള്ളവർക്കും വളരെയധികം ഹാനികരമാണ്.
- വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജനറേറ്ററുകൾ മോട്ടറുകൾ എന്നിവയും ശബ്ദമലിനീകരണത്തിൻറെ ഉറവിടങ്ങളാണ്.
- യാത്രാവേളയിൽ വാഹനം സൃഷ്ടിക്കുന്ന ആമ്പിയൻ നോയിസ് 85 ഡസിബെലിന് മുകളിലായിരിക്കും അതിൽ ഒരു പാട്ട് കേൾക്കണമെങ്കിൽ അതിൻറെ ശബ്ദം 100 ഡസിബല്ലിനും മുകളിലായിരിക്കണം, ഈ ശബ്ദനില കേൾവിനഷ്ടത്തിന് സാധ്യതയുണ്ടാക്കും.
2. വാഹനങ്ങൾ:
- ട്രാഫിക് ജാം: വാഹനങ്ങൾ നീങ്ങാതെ കുടുങ്ങുമ്പോൾ ഡ്രൈവർമാർ ഉപയോഗിക്കുന്ന അനാവശ്യ ഹോൺ ഒരു പ്രധാന ശബ്ദ മലിനീകരണ കരണമാണ്. ട്രാഫിക് ജാമിൽ ആയതുകൊണ്ട് തുടർച്ചയായ ശബ്ദം പരിസരത്തെ ആളുകളെ ബുദ്ധിമുട്ടിക്കുന്നു.
- അനാവശ്യ ഹോൺ ഉപയോഗം: ഡ്രൈവർമാർ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ, ശബ്ദ മലിനീകരണത്തിന് പ്രധാന കാരണമാണ്.
- അനാവശ്യ ഹോൺ പരിഷ്കാരം: അനുവദനീയമായ ഹോൺ മാറ്റി ശക്തികൂടിയതും അശാസ്ത്രീയവും ആരോഗ്യപ്രശ്നങ്ങൾ വളരെയുണ്ടാക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹോൺ സ്ഥാപിക്കുന്നത്.
- ആവാസമേഖലയിലെ കച്ചവട വാഹനങ്ങൾ: മത്സ്യം, പച്ചക്കറി, പലചരക്ക് എന്നിവ ആവാസമേഖലയിൽ വാഹനത്തിൽ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന വാഹനക്കാർ ആവാസമേഖലയിലെ അനുവദനീയമായ പരിധിയുടെ പതിൻമടങ്ങ് ശബ്ദത്തിൽ ഹോൺ മുഴക്കുന്നതും, വാഹനത്തിൻറെ അനൌണ്സ്മെൻറ് ലൌഡ്സ്പീക്കർ മുഴക്കുന്നതും വഴിയുണ്ടാകുന്ന മലിനീകരണം.
- പഴയതും അറ്റകുറ്റപ്പണി ആവശ്യമുള്ളതുമായ വാഹനങ്ങൾ: പഴയതും അറ്റകുറ്റപ്പണി ആവശ്യമുള്ളതുമായ വാഹനങ്ങൾ വ്യാപകമായ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നു. ഇവയുടെ എഞ്ചിൻ ശബ്ദം, എക്സോസ്റ്റ് ശബ്ദം എന്നിവ പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നു.
- ആംബുലൻസ്: ശബ്ദമലിനീകരണം വളരെ കുറയ്ക്കുന്ന വിധത്തിലുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അനുവദനീയമായ സൈറനുകൾ മാത്രമാണ് ആംബുലൻസിൽ ഉപയോഗിക്കേണ്ടത്. എന്നാൽ ഇതിനു പകരം അലോസരവും അതിശബ്ദവും ഉണ്ടാക്കുന്ന സൈറനുകൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. ഇത് ചുറ്റുപാടുമുള്ള മനുഷ്യരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
3. വിനോദ കേന്ദ്രങ്ങൾ:
- പാർട്ടി ഹാളുകൾ: പാർട്ടി ഹാളുകളിലെ ലൗഡ്സ്പീക്കറുകൾ മുഖ്യമായി സംഗീതത്തിനും ഉല്ലാസത്തിനുമായി ഉപയോഗിക്കപ്പെടുന്നത് ഒരു മലിനീകരണ സ്രോതസ് ആണ്.
- ഓഡിറ്റോറിയങ്ങൾ: വിവിധ പരിപാടികൾക്കായി ഉപയോഗിക്കുന്ന ഓഡിറ്റോറിയങ്ങളിലെ ലൗഡ്സ്പീക്കറുകൾ ശബ്ദ മലിനീകരണത്തിന് കാരണമാകുന്നു.
- വിസിലുകൾ: വിസിലുകളുടെ തീക്ഷ്ണമായ ശബ്ദം ശ്രവണേന്ദ്രിയങ്ങൾക്ക് ഹാനികരമാണ്. വിശേഷിച്ചും കുട്ടികളുടെയും മുതിർന്നവരുടെയും കേൾവിശക്തിയെ ഇത് സാരമായി ബാധിക്കുന്നു.
4. നിർമ്മാണ പ്രവർത്തനങ്ങൾ:
- കെട്ടിട നിർമ്മാണം: കെട്ടിട നിർമ്മാണ സമയത്ത് ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, കൃത്രിമ ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നു. കൂടാതെ, തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായുപയോഗിക്കന്ന ലൌഡ്സ്പീക്കറുകൾ. മരം മുറിക്കൽ, സാമിൽ, കയറ്റിറക്ക് വാഹനങ്ങൾ, നിർമ്മാണ പ്രവർത്തനത്തിനായി സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ, ജെ.സി.ബി., ക്രയിൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
- കെട്ടിടം പൊളിക്കൽ: വിവിധയിനം യന്ത്രസാമഗ്രികളും, ഡ്രില്ലിംഗ് ഉപകരണങ്ങളും, ഹാമറുകൾ, ജാക്ക് ഹാമർ തുടങ്ങിയവയും ഉപയോഗിക്കപ്പെടുന്നതിനാൽ വളരെയധികം ശബ്ദം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ ഉച്ചത്തിലുള്ള, തുടർച്ചയായ ശബ്ദം പരിസരവാസികളെ ശല്യപ്പെടുത്തുകയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ, തൊഴിലാളികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
- റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും: റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള കട്ടിംഗ് മെഷീനുകൾ, ഡ്രിൽസ്, കംപ്രസ്സർ മുതലായവ ശബ്ദമുണ്ടാക്കുന്നു.
5. വ്യവസായങ്ങൾ:
- ഫാക്ടറികളിൽ ഉൽപ്പാദന യന്ത്രങ്ങൾ, മിഷീനുകൾ, പഞ്ചിംഗ് മെഷീനുകൾ, ലൈത്ത് മെഷീനുകൾ, പ്രസ് മെഷീനുകൾ തുടങ്ങിയവ ശബ്ദമുണ്ടാക്കുന്നു. സൈറൺ ശബ്ദവും സാധാരണമാണ്. ചെറുകിട വ്യവസായ യൂണിറ്റുകളിലും ഉപകരണങ്ങളും മിഷീനുകളും ശബ്ദമുണ്ടാക്കുന്നു. ഹോളോ ബ്രിക്ക് നിർമ്മാണ യൂണിറ്റ്, ലോഹ സാമഗ്രഹികൾ ഉണ്ടാക്കുന്ന യൂണിറ്റ് എന്നിവ ഉദാഹരണങ്ങളാണ്.
- വ്യാവസായിക ഉപകരണങ്ങൾ: ജനറേറ്ററുകൾ: ചെറുതും വലുതമായ ജനറേറ്ററുകളുടെ പ്രവർത്തനത്തിൽ സൃഷ്ടിക്കുന്ന ശബ്ദം മലിനീകരണത്തിന് കാരണമാകുന്നു.
- എയർ കണ്ടീഷണറുകൾ: വലിയ എയർ കണ്ടീഷണർ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന ശബ്ദം പരിസര പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
- സ്ഫോടനങ്ങൾ: പാറ ക്വാറികളിൽ എന്നിവിടങ്ങളിൽ കൃത്രിമമായി സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യർക്കും പ്രകൃതിക്കും ജീവജാലങ്ങൾക്കും കേൾവിനാശം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
6. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ
- ആഘോഷങ്ങളും ഉത്സവങ്ങളും: ഓണം, വിഷു, ക്രിസ്മസ്, ബക്രീദ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളിൽ ശബ്ദാതിപ്രസരം.
- മതപരമായ ചടങ്ങുകൾ: ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ എന്നിവയിലെ ലൗഡ്സ്പീക്കർ ഉപയോഗവും ആരാധനാലയങ്ങളിലെയും മറ്റും സ്ഥിര ലൌഡ്സ്പീക്കർ ഉപയോഗവും.
- രാഷ്ട്രീയ റാലികൾ, പ്രകടനങ്ങൾ: രാഷ്ട്രീയ പാർട്ടികളുടേയും അനുബന്ധ സംഘടനകളുടേയും കാൽനട/വാഹന ജാഥകൾ, പ്രകടനങ്ങൾ, സമ്മേളന അറിയിപ്പുകൾ എന്നിവ പൊതുവേയും, തെരെഞ്ഞെടുപ്പു കാലങ്ങളിലെ നിരന്തരമായ ശബ്ദശല്യങ്ങൾ പ്രത്യേകിച്ചും.
- വ്യവസായ/നിർമ്മാണ മേഖലകൾ: നഗരങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ, വ്യവസായ മേഖലകളിലെ ശബ്ദം.
Chapter – 4
ശബ്ദതീവ്രത അളക്കുന്ന ഉപകരണങ്ങൾ:
1. സൗണ്ട് ലെവൽ മീറ്റർ:
- ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം.
- ശബ്ദത്തിന്റെ ഡെസിബൽ (dB) നില അളക്കുന്നു.
- നിർമ്മാണസ്ഥലങ്ങൾ, വ്യവസായങ്ങൾ, മറ്റ് ഹൈ-നോയ്സ് പ്രദേശങ്ങളിൽ ഉപയോഗിക്കുന്നു.
2. ഡോസിമീറ്റർ:
- ശബ്ദത്തിന്റെ എക്സ്പോഷർ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
- ഒരു വ്യക്തി എത്രത്തോളം ശബ്ദത്തിന് എക്സ്പോസ് ആകുന്നുവെന്ന് കണക്കാക്കുന്നു
- പ്രധാനമായും തൊഴിൽ സുരക്ഷയിലും ആരോഗ്യ നിയന്ത്രണങ്ങളിലും ഉപയോഗിക്കുന്നു
3. സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ:
- സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ശബ്ദത്തിന്റെ തീവ്രത അളക്കാം.
- സൗജന്യവും പണം നൽകേണ്ടതുമായ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
- പ്രൊഫഷണൽ ഉപകരണങ്ങളേക്കാൾ കൃത്യതകുറവായിരിക്കും.
4. നിയമുപ്രകാരം അനുവദനീയമായ ശബ്ദ പരിധികൾ:
- വ്യാവസായിക മേഖല: പകൽ 75 dB രാത്രി 70 dB
- വാണിജ്യ മേഖല: പകൽ 65 dB രാത്രി 55 dB
- ആവാസ മേഖല: പകൽ 55 dB രാത്രി 45 dB
- നിശ്ശബ്ദ മേഖല: പകൽ 50 dB രാത്രി 40 dB
5. ശബ്ദത്തിന്റെ കേൾവിയിലുള്ള ആഘാതതീവ്രത
- 70 dB: സാധാരണ സംഭാഷണം – 2 മണിക്കൂറിന് ശേഷം 15 മിനിറ്റ് വിശ്രമം.
- 80 dB: തിരക്കേറിയ ഗതാഗതം – 8+ മണിക്കൂർ എക്സ്പോഷർ താൽക്കാലിക കേൾവി നഷ്ടം.
- 85 dB: നഗര ഗതാഗതം (കാറിനുള്ളിൽ) – 8+ മണിക്കൂർ എക്സ്പോഷർ താൽക്കാലിക കേൾവി നഷ്ടം.
- 90 dB: മെട്രോ, പുല്ലുവെട്ടിയന്ത്രം – 2+ മണിക്കൂർ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 95 dB: മോട്ടോർസൈക്കിൾ – 1+ മണിക്കൂർ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 100 dB: ചെയിൻസോ, മരം മുറി യന്ത്രം – 15 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 105 dB: ഉയർന്ന ശബ്ദമുള്ള ഓഡിയോ – 4 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 110 dB: റോക്ക് സംഗീത പരിപാടി – 2 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 115 dB: ഉച്ചത്തിലുള്ള സംഗീത പരിപാടി – 30 സെക്കൻഡുകൾ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
- 120 dB: ജെറ്റ് വിമാനം പറന്നുയർന്നത് – വേദനയും ഉടൻ കേൾവിക്ക് കേടുപാടും.
- 130 dB: ജാക്ക്ഹാമ്മർ, പടക്കം – തീവ്ര വേദനയും സ്ഥിരമായ കേൾവി നഷ്ടവും.
- 140 dB: തോക്കുവെടി – ഉടൻ കേൾവി നഷ്ടം.
- 150 dB: ജെറ്റ് എൻജിൻ – ഉടൻ കേൾവി നഷ്ടം.
- 160 dB: റോക്കറ്റ് പറക്കൽ – ഉടൻ കേൾവി നഷ്ടം.
6. പ്രധാന ശബ്ദ അളവുകൾ:
- ഡെസിബൽ (dB): ശബ്ദതീവ്രതയുടെ അളവുകോൽ
- 0 dB: മനുഷ്യന് കേൾക്കാവുന്ന ഏറ്റവും കുറഞ്ഞ ശബ്ദം
- 60 dB: സാധാരണ സംഭാഷണം
- 85 dB: കേൾവിക്ക് ഹാനികരമാകാൻ തുടങ്ങുന്ന തലം
- 120 dB: വേദനാജനകമായ ശബ്ദം
Chapter – 5
അമിത ശബ്ദം മൂലമുള്ള കേൾവി നഷ്ടം,
മറ്റ് ആരോഗ്യപ്രശ്നങ്ങൾ
നമ്മുടെ ചുറ്റുമുള്ള ലോകവുമായി ഇടപഴകാൻ നമ്മെ സഹായിക്കുന്ന അത്ഭുതകരമായ അവയവങ്ങളാണ് കാതുകൾ. ശബ്ദ തരംഗങ്ങൾ സ്വീകരിക്കാനും അവയെ തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകളായി വിവർത്തനം ചെയ്യാനും അവ സഹായിക്കുന്നു. ഈ സിഗ്നലുകളാണ് നമ്മെ ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കുന്നത്. എന്നാൽ, അമിതമായ ശബ്ദത്തിന് നമ്മുടെ കേൾവിശേഷിയെ ദോഷകരമായി ബാധിക്കും. കേൾവി നഷ്ടം എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകാനും ഇടയുണ്ടാക്കും. ശബ്ദം എങ്ങനെ കേൾവിയെ ബാധിക്കുന്നുവെന്നും ഹെയർ സെല്ലുകൾക്ക് (രോമകോശം) എന്തു സംഭവിക്കുന്നുവെന്നും ഇനി വിശദീകരിക്കുന്നു.
നമ്മുടെ ചെവിയുടെ ഉള്ളിൽ ചെറിയ രോമങ്ങൾ പോലെയുള്ള സെൻസിറ്റീവ് കോശങ്ങളാണ് ഹെയർ സെല്ലുകൾ. ശബ്ദ തരംഗങ്ങൾ കാതലയിലെ ദ്രാവകവുമായി ബന്ധപ്പെടുമ്പോൾ അവ അനങ്ങുന്നു. ഈ ചലനം വൈദ്യുത സിഗ്നലുകളായി മാറുന്നു, അത് ഓഡിറ്ററി നാഡിയിലൂടെ തലച്ചോറിലേക്ക് അയയ്ക്കുന്നു.
അമിതമായ ശബ്ദം ഹെയർ സെല്ലുകളെ നേരിട്ട് നശിപ്പിക്കും. ശബ്ദ തരംഗങ്ങൾ വളരെ ശക്തമാകുമ്പോൾ, ഹെയർ സെല്ലുകൾ അമിതമായി വികസിപ്പിക്കുകയും വളയുകയും ഒടുവിൽ തകരുകയും ചെയ്യും. ഈ നാശം ശബ്ദ ആഘാതം എന്നറിയപ്പെടുന്നു.
ശബ്ദ ആഘാതത്തിന്റെ ഘട്ടങ്ങൾ:
- ഘട്ടം 1: ഹെയർ സെല്ലുകൾക്ക് ചെറിയ നാശം സംഭവിക്കുന്നു. ഇത് താൽക്കാലികമായ കേൾവി നഷ്ടത്തിന് കാരണമാകും, അത് സാധാരണയായി 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകും. (ഉയർന്ന ശബ്ദത്തിന് ശേഷം കുറച്ച് സമയത്തേക്ക് കേൾവി കുറയുന്നു.)
- ഘട്ടം 2: ഹെയർ സെല്ലുകൾക്ക് കൂടുതൽ നാശം സംഭവിക്കുന്നു. താൽക്കാലിക കേൾവി നഷ്ടം കൂടുതൽ ഗുരുതരവും ദൈർഘ്യമേറിയതുമാകും. (നിരന്തരമായ ഉച്ചശബ്ദം കേൾക്കുന്നത് കാരണം കേൾവി ശക്തി സ്ഥിരമായി കുറയുന്നു.)
- ഘട്ടം 3: ഹെയർ സെല്ലുകൾക്ക് സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് സ്ഥിരമായ കേൾവി നഷ്ടത്തിന് കാരണമാകും.
- ടിന്നിറ്റസ്: ചെവിയിൽ തുടർച്ചയായി മുഴക്കം കേൾക്കുന്ന അവസ്ഥ.
- ഹൈപ്പർകൂസിസ്: സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായി തോന്നുന്ന അവസ്ഥ.
- പ്രത്യാഘാതങ്ങൾ: അത്യുച്ചത്തിലുള്ള ശബ്ദം ഉൾചെവിക്ക് (Cochlea) ഹാനികരമാണ്. ഒറ്റത്തവണ ഉയർന്ന ശബ്ദം കേൾക്കുന്നത് പോലും സ്ഥിരമായ കേൾവി നഷ്ടത്തിന് കാരണമാകാം.
താൽക്കാലിക കേൾവി നഷ്ടം:
ഗാനമേള, സ്റ്റേഡിയം ആരവം, ഉച്ചത്തിലുള്ള ട്രാഫിക് ശബ്ദം, ഉച്ചത്തിൽ സംഗീതം വച്ചുപോകുന്ന വാഹനത്തിലെ യാത്ര എന്നിവയ്ക്ക് ശേഷം താൽക്കാലികമായി കേൾവി നഷ്ടം അനുഭവപ്പെടാം. ചെറിയ ശബ്ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മൂളൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി, മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം കേൾവി സാധാരണ നിലയിലേക്ക് മടങ്ങും. മടങ്ങിയില്ലെങ്കിൽ ആരോഗ്യവിദഗ്ധനെ കാണണം. അമിത ശബ്ദം മൂലം രോമകോശങ്ങൾ ക്ഷീണിച്ച് വളയുന്നതാണ് ഈ പ്രശ്നത്തിന്റെ കാരണം. കേൾവിക്ക് വിശ്രമം നൽകിയാൽ രോമകോശങ്ങൾ പൂർവസ്ഥിതിയിലാകുന്നു.
സ്ഥിരമായ കേൾവി നഷ്ടം:
അത്യുച്ച ശബ്ദം ധാരാളം രോമകോശങ്ങളെ സ്ഥിരമായി നശിപ്പിക്കുന്നു. തുടർച്ചയായും ആവർത്തിച്ചും ഉയർന്ന ശബ്ദം കേൾക്കുന്നത് തിരിച്ചുവരാത്ത കേൾവി നഷ്ടത്തിലേക്ക് നയിക്കുന്നു, ഇത് ചികിത്സയോ മറ്റ് സാങ്കേതിക വിദ്യകളോ കൊണ്ട് പരിഹരിക്കാനാവില്ല. ശബ്ദം നാഡികളെയും ബാധിക്കുന്നു, ശബ്ദ സിഗ്നലുകളുടെ തലച്ചോറിലേക്കുള്ള പ്രസരണത്തെ തടസ്സപ്പെടുത്തുകയും ശബ്ദങ്ങൾ തിരിച്ചറിയുന്നതിനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. പ്രായഭേദമന്യേ ഈ അവസ്ഥ ആർക്കും ഉണ്ടാകാം.തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്നു. പ്രായഭേദമന്യേ ഈ അവസ്ഥ ആർക്കും ഉണ്ടാകാം.
കേൾവിശക്തി നഷ്ടപ്പെടുമ്പോൾ, മസ്തിഷ്കം കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നു. ഇത് മസ്തിഷ്കത്തെ അധികം പ്രവർത്തിപ്പിക്കുകയും കാലക്രമേണ മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. കേൾവിശക്തി നഷ്ടം സാമൂഹികമായി ഒറ്റപ്പെടലിനും ഇടയാക്കും. ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും അൽസ്ഹൈമേഴ്സ് രോഗത്തിന്റെ വികസനത്തെ വേഗത്തിലാക്കുകയും ചെയ്യും.
കാർഡിയോവാസ്കുലാർ പ്രശ്നങ്ങൾ:
ഉയർന്ന രക്തസമ്മർദ്ദം: നിരന്തര ശബ്ദമലിനീകരണം ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയാണ് പ്രധാന സ്ട്രെസ് ഹോർമോണുകൾ. ഇവ രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു, ഇതുവഴി രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി സമ്മർദ്ദം വർധിപ്പിക്കുന്നു. നിരന്തരമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിനും രക്തധമനികൾക്കും കേടുപാടുകൾ ഉണ്ടാക്കും, ഇതോടെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർധിക്കുന്നു. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കണ്ണിനെയും ബാധിക്കുകയും ഓർമ്മശക്തിയെയും കോഗ്നിറ്റീവ് ഫങ്ഷനുകളെയും ബാധിക്കുകയും ചെയ്യാം.
ഹൃദയമിടിപ്പ് വർദ്ധിക്കൽ: പെട്ടെന്നുള്ള ഉച്ചശബ്ദം ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ പ്രതികരണം തുടങ്ങുന്നു, ഇത് അഡ്രിനാലിൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതിനാൽ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ ഒരു പ്രാചീന സുരക്ഷാ സംവിധാനമാണ്, അപകടം നേരിടുമ്പോൾ ശരീരത്തെ പോരാടാനോ ഓടി രക്ഷപെടാനോ തയ്യാറാക്കുന്നു. ശബ്ദമലിനീകരണം ഈ പ്രതികരണത്തെ അനാവശ്യമായി സജീവമാക്കുന്നു. അഡ്രിനാലിൻ കൂടാതെ നോർഎപിനഫ്രിൻ പോലുള്ള ഹോർമോണുകളും ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നു. ശ്വാസഗതി കൂടുകയും പേശികൾ സജീവമാവുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ ഹൃദയമിടിപ്പ് മിനിറ്റിൽ 60-100 തവണയാണ്, എന്നാൽ ശബ്ദമലിനീകരണം മൂലം ഇത് 100-ൽ കൂടുതലാകാം. ദീർഘകാലം ഇത് തുടർന്നാൽ ഹൃദയത്തിന് അമിത ജോലിഭാരമുണ്ടാകും. ദീർഘകാല പ്രത്യാഘാതങ്ങൾ: നിരന്തരമായി ഉയർന്ന ഹൃദയമിടിപ്പ് ഹൃദയപേശികളെ ക്ഷീണിപ്പിക്കും. ഇത് ഹൃദയ താളവ്യത്യാസം (അഥവാ അരിത്മിയ) പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് ഹൃദയാഘാത സാധ്യതയും വർധിക്കുന്നു.
കൊറോണറി ആർട്ടറി രോഗം: ദീർഘകാല ശബ്ദമലിനീകരണം നിരന്തര സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് വർദ്ധിപ്പിക്കാം. കൊഴുപ്പ് അടിഞ്ഞ രക്തധമനികൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു, ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
മാനസിക ആരോഗ്യ പ്രശ്നങ്ങൾ:
ഉത്കണ്ഠ: നിരന്തര ശബ്ദം നമ്മുടെ ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ പ്രതികരണത്തെ സജീവമാക്കുന്നു, ഇത് ശരീരത്തെ സദാ ജാഗരൂകമായ അവസ്ഥയിൽ നിലനിർത്തുന്നു. കാലക്രമേണ ഇത് സാധാരണ ഉത്കണ്ഠയ്ക്കും പാനിക് അറ്റാക്കുകൾക്കും കാരണമാകാം.
വിഷാദരോഗം: ശബ്ദമലിനീകരണം സെറോടോണിൻ പോലുള്ള മൂഡ് റെഗുലേറ്റിംഗ് ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കുന്നു, ഇത് മൂഡ് സ്വിങ്ങുകൾക്കും വിഷാദത്തിനും കാരണമാകാം. ദീർഘകാല ശബ്ദ സമ്മർദ്ദം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ബാധിക്കാം.
സ്ട്രെസ്: ഉയർന്ന ശബ്ദനില കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ദീർഘകാല സ്ട്രെസ് ഇമ്മ്യൂൺ സിസ്റ്റത്തെ ദുർബലപ്പെടുത്തുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കമില്ലായ്മ: രാത്രികാല ശബ്ദം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇത് ഉറക്കത്തിന്റെ ആഴത്തെയും ദൈർഘ്യത്തെയും കുറയ്ക്കുന്നു. ദീർഘകാല ഉറക്കക്കുറവ് മറ്റ് മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാം.
കോഗ്നിറ്റീവ് പ്രശ്നങ്ങൾ: നിരന്തര ശബ്ദമലിനീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു, ഇത് വ്യക്തികൾക്ക് കാര്യങ്ങൾ ശ്രദ്ധയിൽവെച്ച് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. ദീർഘകാല ശബ്ദമലിനീകരണം ഓർമ്മശക്തിയെ ബാധിക്കുകയും ഓർമ്മശക്തി കുറയലിനും ഇടയാക്കും. കുട്ടികളിൽ, ശബ്ദമലിനീകരണം പഠനശേഷിയും നിലവാരവും കുറയ്ക്കുന്നു, ഇതുമൂലം അവരുടെ വിദ്യാഭ്യാസ പ്രകടനം നാശമാകാം.
ഹോർമോൺ അസന്തുലിതാവസ്ഥ: ശബ്ദമലിനീകരണം ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, അതേസമയം, ഉറക്ക ഹോർമോണായ മെലടോണിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു, പ്രത്യേകിച്ച് രാത്രികാല ശബ്ദം മെലടോണിൻ ഉത്പാദനത്തെ പ്രധാനമായും ബാധിക്കുന്നു.
ഗർഭിണികളിലുള്ള പ്രത്യാഘാതങ്ങൾ:
ശബ്ദമലിനീകരണം ഗർഭിണികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും, ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും വികാസത്തെയും ബാധിക്കുന്നതിന് കാരണമാകുന്നു.
ഗർഭസ്ഥ ശിശുവിനുള്ള അപകടസാധ്യത:
ജനനസമയത്തെ കുറഞ്ഞ ഭാരം: ശബ്ദമലിനീകരണം ഗർഭിണിയിൽ സമ്മർദ്ദം വർധിപ്പിക്കുന്നു, ഇത് ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. കുറഞ്ഞ രക്തപ്രവാഹം മൂലം ഭ്രൂണത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരാം, ഇത് ശിശുവിന്റെ വളർച്ചയെ ബാധിച്ച് കുറഞ്ഞ ജനനഭാരത്തിന് കാരണമാകാം.
സമയപൂർത്തിയാകാതെയുള്ള പ്രസവം: നിരന്തരമായ ഉച്ചശബ്ദം ഗർഭിണിയുടെ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂട്ടുന്നു, ഇത് ഗർഭപാത്രത്തിന്റെ സങ്കോചത്തിന് കാരണമായേക്കാം. സമയത്തിന് മുമ്പുള്ള ഗർഭപാത്ര സങ്കോചം പ്രസവം വേഗത്തിലാക്കി, കുഞ്ഞ് സമയപൂർത്തിയാകുന്നതിന് മുമ്പ് ജനിക്കാൻ കാരണമാകാം.
ജനിക്കുന്ന കുഞ്ഞിൻറെ ആരോഗ്യം: ഗർഭസ്ഥ ശിശുവിന്റെ ശ്രവണേന്ദ്രിയം നാലുമുതൽ ആറ് ആഴ്ചയിൽ വളർച്ച തുടങ്ങുകയും ഇരുപതാമത്തെ ആഴ്ചയിൽ പൂർത്തിയാവുകയും ചെയ്യുന്നു. അതിനാൽ ഗർഭസ്ഥ ശിശുവിന് ശ്രവണശക്തിയും ശബ്ദത്തോട് പ്രതികരിക്കാനുള്ള ശേഷിയും സ്വായത്തമാണ്. അതിനാൽ തന്നെ, അനുവദനീയമായ പരിധിയിൽ കൂടുതലുള്ള ശബ്ദം ഗർഭസ്ഥ ശിശുവിന്റെ ശ്രവണശേഷി കുറയുന്നതിനും, ശ്രവണശക്തി എന്നന്നത്തേയ്ക്കുമായി ഇല്ലാതാകുന്നതിനും കാരണമാകും.
മറ്റു പ്രശ്നങ്ങൾ: ജനിക്കുന്ന കുഞ്ഞിന് വളർച്ചക്കുറവ്, പെരുമാറ്റവൈകല്യങ്ങൾ, മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ, ജനിതകവൈകല്യങ്ങൾ എന്നിവയ്ക്കും ശബ്ദമലിനീകരണം കാരണമാകാം.
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ:
ഉത്പാദനക്ഷമത കുറയൽ: ശബ്ദമലിനീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കുന്നു, ഇത് ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉത്പാദനക്ഷമത കുറയ്ക്കുന്നു.
വിദ്യാഭ്യാസ നിലവാരം താഴൽ: സ്കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള ശബ്ദമലിനീകരണം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു.
സാമൂഹിക ബന്ധങ്ങൾക്ക് കോട്ടം: അമിതമായ ശബ്ദം ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും, ഇതുവഴി, സാമൂഹിക ഇടപെടലുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
വസ്തുവകകളുടെ മൂല്യം കുറയൽ: ശബ്ദമലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളുടെയും മറ്റ് വസ്തുവകകളുടെയും വില കുറയുന്നു.
കുട്ടികളിലെ കേൾവി പരിശോധന: വളരെ ചെറുപ്രായത്തിൽ തന്നെ കേൾവി പരിശോധന തുടങ്ങുന്നത് നിർണ്ണായകമാണ്. ജനനം മുതൽ തന്നെ ശിശുക്കളിൽ നിയമിത പരിശോധനകൾ നടത്തണം. കൃത്യമായ ഇടവേളകളിൽ, പ്രത്യേകിച്ച് പ്രതിവർഷം, പരിശോധന നടത്തുന്നത് കേൾവിയിലെ മാറ്റങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. സ്കൂൾ തലത്തിൽ പരിശോധന നടത്തുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും സമാന അവസരം ലഭിക്കും, കൂടാതെ, പഠന പ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സമഗ്രമായ പരിശോധനാ സംവിധാനം ഒരുക്കുകയും, വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും വേണം.
കുട്ടികൾ അദ്ധ്യാപകരാകാം: ഓരോ വീടും ശബ്ദമലിനീകരണത്തിനെതിരായ വിദ്യാലയമായി മാറണം. കുട്ടികൾ ഈ വിഷയത്തിൽ അദ്ധ്യാപകരായി പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. ഒരു കുട്ടി ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് സംസാരിക്കാൻ പഠിച്ചാൽ, ആ വീട് ഒരു പാഠശാലയായി മാറും. അനാവശ്യമായ ശബ്ദമലിനീകരണം ഒരു ക്രിമിനൽ കുറ്റകൃത്യവും സാമൂഹ്യദ്രോഹവുമാണ്. കുട്ടികൾക്ക് മുതിർന്നവരെ ഇക്കാര്യം പഠിപ്പിക്കാൻ കഴിയും, പ്രത്യേകിച്ച് സംഘടനകളിലും സമുദായങ്ങളിലും നേതൃസ്ഥാനത്തുള്ളവരെ. ഇത്തരമൊരു അവബോധം വളർത്തുന്നത് സമൂഹത്തിനും, മാനവികതയ്ക്കും, ജനാധിപത്യത്തിനും, നിയമവാഴ്ചയ്ക്കും ഗുണകരമാണ്.
നിർദ്ദേശിക്കുന്ന നടപടികൾ: അമിത ശബ്ദത്തിന്റെ സാന്നിധ്യം ഒഴിവാക്കുക: ഗർഭിണികൾ ശബ്ദമലിനീകരണം കുറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കണം, കുട്ടികളെ അമിത ശബ്ദമുള്ള സ്ഥലങ്ങളിൽ നിന്ന് അകറ്റി നിർത്തണം.
രക്ഷകർത്താക്കൾ പ്രത്യേക ശ്രദ്ധ നൽകുക: ശബ്ദമലിനീകരണത്തിന്റെ അപകടങ്ങൾ മനസ്സിലാക്കുകയും, അത് ഒഴിവാക്കാനുള്ള നടപടികൾ എടുക്കുകയും വേണം.
Chapter – 6
ശബ്ദശല്യം: ലൗഡ്സ്പീക്കറുകളും സബ്വൂഫറുകളും
ലൗഡ്സ്പീക്കറുകൾ: 20 Hz മുതൽ 20,000 Hz വരെ ശബ്ദ ശ്രേണിയിൽ പ്രവർത്തിക്കുന്നു. മനുഷ്യർക്ക് കേൾവിയിലാവുന്ന ശബ്ദങ്ങളാണ് ഇവയിലെ കൂടുതലും. ഇതു കൊണ്ടുതന്നെ ഈ ഉപകരണങ്ങൾ പലരീതിയിലുള്ള ശബ്ദങ്ങൾ വ്യക്തമായി പ്രചരിപ്പിക്കാൻ ഉപകരിക്കുന്നു. ലൗഡ്സ്പീക്കറുകൾ മ്യൂസിക് സിസ്റ്റങ്ങൾ, സിനിമ തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ, പൊതുയോഗങ്ങൾ, ബസുകൾ, കാറുകൾ, ട്രക്കുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.
ലൗഡ്സ്പീക്കറുകൾ വ്യക്തമായ ശബ്ദം നൽകുന്നു, വലിയ മേഖലയിലേക്ക് ശബ്ദം പ്രചരിപ്പിക്കുന്നു, കൂടാതെ സബ്വൂഫറുകളേക്കാൾ കുറവായ ശബ്ദ മലിനീകരണം ഉളവാക്കുന്നു. എന്നിരുന്നാലും, ലൗഡ്സ്പീക്കറുകൾ അമിതമായ ശബ്ദം ഉണ്ടാക്കുന്നതിലൂടെ ശബ്ദ മലിനീകരണത്തിന് കാരണമാകുകയും, കേൾവി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ചുറ്റുപാടുകൾക്ക് അസ്വസ്ഥത നൽകുകയും ചെയ്യുന്നു. ഹോൺ ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നതിന് നിരോധനം നിലവിലുണ്ട്.
സബ്വൂഫറുകൾ: 20 Hz മുതൽ 200 Hz വരെയുള്ള താഴ്ന്ന ഫ്രീക്വൻസി ശബ്ദം പുറപ്പെടുവിക്കുന്ന ലൗഡ്സ്പീക്കറുകളാണ്. ബാസ് ശബ്ദം വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. സബ്വൂഫറുകൾക്ക് മനുഷ്യ കേൾവിക്ക് അത്ര പ്രകടമല്ലാത്തതെങ്കിലും ശക്തമായ വൈബ്രേഷൻ ഉണ്ടാക്കും. ലോ ഫ്രീക്വൻസി നോയിസ് വായുവിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയും. സബ്വൂഫറുകൾ സ്റ്റേഡിയങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ സൽക്കാരങ്ങൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ഹോം തിയേറ്റർ സിസ്റ്റങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, കാറുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.
സബ്വൂഫറുകൾ ഗുരുതരമായ ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. ഈ ഫ്രീക്വൻസികൾക്ക് തടസ്സമില്ലാതെ കിലോമീറ്ററുകളോളം സഞ്ചരിക്കാനാകും. ലോ ഫ്രീക്വൻസി നോയിസ് ശബ്ദം ഭിത്തികളിലൂടെയും മറ്റ് തടസ്സങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയും, ഇത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കുന്നു. സാധാരണ ഉപയോഗിക്കുന്ന കേൾവി സംരക്ഷക ഉപകരണങ്ങളായ ഇയർപ്ലഗ്ഗുകളെപ്പോലും ഈ ഫ്രീക്വൻസി നിഷ്പ്രഭമാക്കുന്നു. ഇതു കൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പബ്ലിക് അഡ്രസ് സിസ്റ്റങ്ങളിൽ നിരുത്തരവാദിത്തപരമായി സബ്വൂഫറുകൾ ഉപയോഗിക്കുന്നതിനാൽ ശബ്ദപരിധികളും ലംഘിച്ച് കിലോമിറ്ററുകളോളം ദുരത്തിൽ ഇതിൻറെ പ്രഭാവം എത്തിച്ചേരാൻ കാരണമാകും അങ്ങനെ ശബ്ദമലിനീകരണ നിയമങ്ങൾ നിഷ്പ്രഭമാകുകയും ചെയ്യും.
ഓടുന്ന വാഹനങ്ങളിൽ ഇതുപയോഗിക്കുന്നതുകൊണ്ട് അതിലെ യാത്രക്കാരെപ്പോലെ തന്നെ വാഹനം പോകുന്ന വഴിയുടെ ചുറ്റുപാടും കിലോമിറ്ററുകളോളം ദൂരത്തിൽ ഇതിനറെ പ്രഭാവം എത്തിച്ചേരുകയും അവിടങ്ങളിലുള്ള ജീവജാലങ്ങളുടെയും മനുഷ്യരുടെയും ദൈനം ദിന ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പക്ഷികൾ, സൂക്ഷ്മജീവികൾ, മറ്റ് ജീവജാലങ്ങൾ എന്നിവയുടെ ഇടപഴക്കവും ഇണചേരലും ആശയവിനിമയവും ശബ്ദമലിനീകരണം മൂലം തടസ്സപ്പെടുന്നു. ഇതിന്റെ ഫലമായി അവയുടെ സ്വാഭാവിക അതിജീവനം അസാദ്ധ്യമാകുന്നു. പല ജീവിവർഗ്ഗങ്ങളും ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടുന്ന അവസ്ഥയിലേക്ക് വരാൻ പോലും ഇടയാക്കുന്നു.
Chapter – 7
നിയമപരമായ അവകാശങ്ങൾ
ശബ്ദ മലിനീകരണ നിയമങ്ങൾ: 1986 – ലെ പരിസ്ഥിതി (സംരക്ഷണ) നിയമം: പരിസ്ഥിതി സംരക്ഷണ നിയമം, 1986, സെക്ഷൻ 15 സെക്ഷൻ ശിക്ഷകളെക്കുറിച്ച് പരാമർശിക്കുന്നു. നിയമലംഘനത്തിന് 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. തുടർന്നുള്ള ലംഘനങ്ങൾക്ക് പ്രതിദിനം 5000 രൂപ അധിക പിഴ ചുമത്താം.
2011-ലെ കേരളാ പോലീസ് നിയമം: കേരള പോലീസ് നിയമം, 2011 സെക്ഷൻ 121, സെക്ഷൻ 77: പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കുന്നത് കുറ്റകരമാണ്, അവയ്ക്കുള്ള ശിക്ഷകളെക്കുറിച്ചും പറയുന്നു.
ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000: ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000 പ്രകാരം വ്യത്യസ്ത മേഖലകൾക്ക് വ്യത്യസ്ത ശബ്ദ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. വ്യാവസായിക, വാണിജ്യ, പാർപ്പിട, നിശബ്ദ മേഖലകൾ എന്നിങ്ങനെ വിഭജിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ ശബ്ദ പരിധികൾ നിർദ്ദേശിക്കുന്നു. ഈ ചട്ടങ്ങൾ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകുന്നു. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരവും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഈ നിയമങ്ങൾ സഹായിക്കുന്നു.
ഉത്തരവുകളും, സർക്കുലറുകളും, കോടതി ഉത്തരവുകളും
ജി.ഒ.(പി) നമ്പർ 64/02 തീയതി 20.4.2002 (എസ്.ആർ.ഒ നമ്പർ 289/2002): കേരള സർക്കാർ ഈ ഉത്തരവിലൂടെ വിവിധ മേഖലകളെ തരംതിരിച്ച് ശബ്ദ പരിധികൾ നിശ്ചയിച്ചു. ഇത് 2000-ലെ ശബ്ദമലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനായി ചെയ്തതാണ്.
U6-30380/2002 of DGP dated 28.11.2002: ലൗഡ്സ്പീക്കർ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ, ഉപയോഗ സമയം, ശബ്ദ തീവ്രത, സ്ഥാപിക്കാവുന്ന സ്ഥലങ്ങൾ, സ്ഥാപിക്കാൻ പാടില്ലത്തയിടങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നു. (ഈ പുസ്തകത്തിൻറെ ആദ്യഭാഗത്ത് മലയാളത്തിൽ നൽകിയിരിക്കുന്നു)
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം, ഒരു പൌരന് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിലനിൽക്കുന്നു. ഭരണഘടനപ്രകാരം ആർട്ടിക്കിൾ 19 ഫ്രീഡം ഓഫ് സ്പീച്ച് ഉറപ്പാക്കുന്നുവെങ്കിലും, വിവിധ കോടതി ഉത്തരവുകൾ ഈ അവകാശങ്ങൾ വേർതിരിക്കുന്നു. ഒരാളുടെ ഫ്രീഡം ഓഫ് സ്പീച്ച് മറ്റൊരാളുടെ ഫ്രീഡം ടു ലിവിന് ഭംഗം വരുത്തരുതെന്ന് വ്യക്തമാക്കുന്നു. അതായത്, ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലെങ്കിൽ, അയാളിലേയ്ക്കോ, പൊതു ഇടത്തിലോ കേൾക്കത്തക്കവിധം ശബ്ദം ഉത്പാദിപ്പിക്കാൻ മറ്റൊരാൾക്കോ സംഘടനകൾക്കോ അവകാശം ഇല്ല.
Chapter – 8
ശബ്ദ മലിനീകരണ കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ എന്തു ചെയ്യാം?
1. തെളിവുകൾ ശേഖരിക്കൽ:
- ശബ്ദമാപിനി ഉപയോഗിച്ച് ഡെസിബൽ അളവുകൾ രേഖപ്പെടുത്തുക.
- വീഡിയോ/ഓഡിയോ റെക്കോർഡിംഗുകൾ എടുക്കുക.
- സാക്ഷികളുടെ മൊഴികൾ ശേഖരിക്കുക.
2. പരാതി തയ്യാറാക്കൽ:
- തീയതി, സമയം, സ്ഥലം, ശബ്ദമലിനീകരണത്തിന്റെ സ്വഭാവം, തീവ്രത, ഉണ്ടായ ബുദ്ധിമുട്ടുകൾ, മുൻപ് നടത്തിയ നടപടികൾ (ഉണ്ടെങ്കിൽ) എന്നിവ സൂചിപ്പിച്ച് വിശദമായ പരാതി തയ്യാറാക്കുക.
3. പരാതി നൽകൽ:
പോലീസ് സംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ:
- 112 നമ്പറിലേക്ക് SMS അയയ്ക്കാം.
- 112 നമ്പറിലേക്ക് ഫോൺ വിളിക്കാം.
- ക്രൈം സ്റ്റോപ്പർ: 1090 നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാം.
- ജില്ലാ കളക്ടറേറ്റ് കണ്ട്രോൾ നമ്പർ: 1077.
ഓൺലൈൻ പരാതികൾ:
- ‘തുണ’ പോർട്ടൽ: Thuna Portal
- കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ: CMO Complaints
- ചൈൽഡ് ലൈൻ: Childline
- ഡി.ജി.പി ക്ക് പരാതി: dgp.pol@kerala.gov.in
- വിജിലൻസ്: Vigilance
4. കുട്ടികളുടെ പരാതികൾ:
- ചൈൽഡ് ലൈൻ (1098).
5. മറ്റ് പ്രത്യേക പരാതികൾ:
- ആലയ/സംഘടനാ കമ്മിറ്റിക്ക്.
- മലിനീകരണ നിയന്ത്രണ ബോർഡ് (വ്യവസായ സംബന്ധമായത്).
- മുനിസിപ്പാലിറ്റി/പഞ്ചായത്ത് അധികാരികൾ.
- ദേവസ്വം അധികാരികൾ.
- ലീഗൽ സർവീസസ് അതോറിറ്റി.
- ജില്ലാ കളക്ടർ, തഹസ്സീൽദാർ.
- ചീഫ് സെക്രട്ടറി.
- പരിസ്ഥിതി വകുപ്പ് സെക്രട്ടറി.
- മനുഷ്യാവകാശ കമ്മീഷൻ (ശബ്ദമലിനീകരണം മൗലികാവകാശ ലംഘനമാണ്).
- പ്രാദേശിക എം.എൽ.എ, പാർലമെന്റ് അംഗം (എം.പി).
- കേരള ലോകായുക്ത.
- മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ പരാതി (BNSS 175(3) പ്രകാരം).
- ഹൈക്കോടതിയെ സമീപിക്കുക (PIL/റിട്ട് ഹർജി).
- വിവരാവകാശ അപേക്ഷകൾ നൽകി വിവരശേഖരണം:
- പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (ISHO).
- ഡിവൈഎസ്പി/എസിപി.
- ജില്ലാ പോലീസ് മേധാവി (DPC/SP).
- സംസ്ഥാന പോലീസ് മേധാവി (SPC/DGP).
6. ശബ്ദമലിനീകരണം നിയന്ത്രിക്കൽ:
- ഈ നടപടികൾ വഴി ശബ്ദമലിനീകരണം നിയന്ത്രിക്കാനും അനധികൃത ലൗഡ്സ്പീക്കറുകൾക്കെതിരെ നടപടി സ്വീകരിക്കാനും ശ്രമിക്കാം.
- ഓരോ ഘട്ടത്തിലും ലഭിക്കുന്ന രേഖകൾ കോടതി നടപടികൾക്ക് തെളിവായി സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.
7. ഇടപെടേണ്ട സർക്കാർ വകുപ്പുകൾ
- പോലീസ് വകുപ്പ്: നിയമവിരുദ്ധമായ ശബ്ദമലിനീകരണം നിയന്ത്രിക്കുകയും, ലൗഡ്സ്പീക്കർ ഉപയോക്താക്കളെ നിയമപരമായി തടയുകയും ചെയ്യുന്നു. നിയമം അനുസരിച്ച്ലൌഡ്സ്പീക്കർ അനുമതി നൽകുകയും ചെയ്യുന്നു.
- റവന്യു വകുപ്പ്: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നു. ശബ്ദമലിനീകരണ സ്ക്വാഡിൻറെ മേൽനോട്ടം. ജില്ല ഭരണാധികാരിയെ ശബ്ദമലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹായിക്കൽ.
- ആരോഗ്യവകുപ്പ്: ശബ്ദമലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു. ശബ്ദനില കുറയ്ക്കുന്നതിനും അതുവഴി ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടീൽ നടത്തുന്നു.
- സാമൂഹ്യക്ഷേമവകുപ്പ്: സമൂഹത്തിലെ ആളുകൾക്ക് ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
- ശിശുക്ഷേമവകുപ്പ്: കുട്ടികളിലെ കേൾവിയും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നു.
- ദേവസ്വം വകുപ്പ്: ആരാധനാലയങ്ങളിലെ അനാവശ്യ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നു.
- മലിനീകരണ നിയന്ത്രണ ബോർഡ്: ശബ്ദമലിനീകരണത്തിനുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നു.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: പ്രദേശവാസികൾക്ക് ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള നിബന്ധനകൾ നടപ്പാക്കുന്നു.
- പരിസ്ഥിതി വകുപ്പ്: ശബ്ദമലിനീകരണം പരിസ്ഥിതിയിലും ജീവജാലങ്ങളിലും ഉള്ള ദോഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നു.
- നിയമ വകുപ്പ്: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുകയും, കർശനമായി നടപ്പാക്കുകയും ചെയ്യുന്നു.
- വിജിലൻസ്: ശബ്ദമലിനീകരണ നിയന്ത്രണത്തിൽ നടക്കാവുന്ന അഴിമതിക്കെതിരേ നടപടി സ്വീകരിക്കുന്നു.
- ജുഡീഷ്യറി: നിയമപരമായ പ്രശ്നങ്ങളിൽ വിധിന്യായങ്ങൾ നടത്തുകയും, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.
Chapter – 9
ശബ്ദ മലിനീകരണം കുറയ്ക്കാൻ
പോലീസ് വകുപ്പിന് കഴിയുന്ന കാര്യങ്ങൾ
- മൈക്ക് പെർമിഷൻ നൽകുന്ന അവസരത്തിൽ നിബന്ധനകൾ കർശനമായി പാലിക്കുന്നതാണെന്നും, അല്ലാത്ത പക്ഷം നിയമനടപടികൾ നേരിടാൻ സമ്മതമാണെന്നുമുള്ള സത്യവാങ്മൂലം വാങ്ങുക.
- മൈക്ക് പെർമിഷൻ നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പട്രോളിംഗ് വാഹനങ്ങളിലുള്ളവർക്കോ, മറ്റ് ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർക്കോ നിർദ്ദേശം നൽകി പരിശോധിപ്പിക്കുക.
- നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ നോക്കാതെ നോയിസ് പൊലൂഷ്യൻ റഗുലേഷൻ ആക്ട് 2000 പ്രകാരം ചാർജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് നൽകുക.
- ക്രൈം കോൺഫറൻസുകളിൽ പോലീസ് സ്റ്റേഷൻ തലത്തിൽ ശബ്ദമലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികൾ, പിടിച്ച പെറ്റിക്കേസുകൾ എന്നിവ സംബന്ധിച്ച അവലോകനം നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കുക.
- മറ്റു വകുപ്പുകളുമായി ചേർന്ന് ശബ്ദമലിനീകരണ ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.
സർക്കാർ തലത്തിൽ
- ശബ്ദമലിനീകരണത്തിനെതിരെ ശക്തവും, സമഗ്രവുമായ നിയമ നിർമ്മാണം നടത്തുക.
- കേരളാ പോലീസ് നിയമത്തിലെ പരിപമിതികൾ ഒഴിവാക്കി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രയോഗിക്കാൻ നടപടികൾ സ്വീകരിക്കുക.
- മൈക്ക് ഓപ്പറേറ്റർമാർക്ക് അഥവാ ആ രംഗത്തുള്ള സർവ്വീസ് പ്രൊവൈഡേഴ്സിന് രജിസ്ട്രേഷനും, ലൈസൻസും ഏർപ്പെടുത്തുക.
- വാഹനങ്ങളിലെ സ്പീഡ് ഗവേണൻസ് സംവിധാനം പോലെ ലൗഡ് സ്പീക്കറുകൾക്ക് നോയ്സ്/സൗണ്ട് ഗവേണൻസ് സംവിധാനം കൊണ്ടുവരിക.
- നോയ്സ്/സൗണ്ട് ഗവേണൻസ് സംവിധാനമുള്ളവയ്ക്ക് മാത്രമേ രജിസ്ട്രേഷനും, ലൈസൻസും നൽകൂ എന്ന വ്യവസ്ഥ കൊണ്ടു വരിക.
- ലൌഡ്സ്പീക്കർ അനുമതി ലഭിക്കുന്ന സ്ഥാപനത്തിന്/വ്യക്തിക്ക് പ്രോഗ്രാം നടത്താൻ നിയമപരമായ സ്ഥലപരിധി ഉണ്ട് എന്നും ശബ്ദം അതിൻറെ പരിധിയ്ക്കുള്ളിൽ തന്നെ നിറുത്താൻ കഴിയും എന്നും ഉറപ്പുവരുത്തിയും മാത്രം അനുമതി നൽകുക.
- നിയമം ലംഘിച്ച് ഉച്ചഭാഷിണി ഉപകരണങ്ങൾ പൊതുഇടങ്ങളിലും, സ്വന്തം സ്ഥലപരിധിക്കുപുറത്തും, സ്വകാര്യ വ്യക്തികളുടെയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും സ്ഥാപിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക.
- ലൈൻ ബസ്സ്, സ്കൂൾ വാഹനങ്ങൾ, മറ്റു പൊതു യാത്രാവഹനങ്ങൾ എന്നിവയിൽ നിന്നും ശബ്ദ ഉപകരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക.
- മൂന്ന് തവണയിൽ കൂടുതൽ ശബ്ദമലിനീകരണത്തിന് പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നവർക്കെതിരെ ‘കാപ്പ’ (KAAPA) നിയമം ചുമത്താൻ പര്യാപ്തമായ വ്യവസ്ഥകൾ കൊണ്ടുവരുക.
- രജിസ്റ്റേർഡ് സംഘടനകൾ/സ്ഥാപനങ്ങൾ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അവർക്കെതിരെ ആൾക്കൂട്ട അക്രമത്തിനുള്ള വകുപ്പുകൾ പ്രയോഗിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുക.
- അത്തരം സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.
- നിയമം വിട്ട് മലിനീകരണം നടത്തിയാൽ ബാധിക്കപ്പെടുന്ന എല്ലാ വ്യക്തികൾക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ വ്യവസ്ഥ ഏർപ്പെടുത്തുക. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വ്യക്തി/സംഘടനയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത നിശ്ചയിക്കുക. ബാധിക്കപ്പെട്ട വ്യക്തികൾക്ക് ഡാമേജ് ക്ലെയിം സമർപ്പിക്കാനുള്ള അവകാശം നൽകുക.
സംരക്ഷണ മാർഗ്ഗങ്ങൾ
- ശബ്ദം തടയുന്ന ജനാലകൾ, വാതിലുകൾ: ഇരട്ട ഗ്ലാസ് ജനാലകൾ, പ്രത്യേക കോടിംഗുള്ള വാതിലുകൾ എന്നിവ സ്ഥാപിക്കാം.
- നോയ്സ് കാൻസലിംഗ് ഹെഡ്ഫോണുകൾ: പുറമെയുള്ള ശബ്ദം നിയന്ത്രിക്കാൻ സഹായിക്കും. വിശ്രമ സമയത്തും ജോലി ചെയ്യുമ്പോഴും ഉപയോഗിക്കാം.
- വൈറ്റ് നോയ്സ് ജനറേറ്ററുകൾ: പശ്ചാത്തല ശബ്ദം സൃഷ്ടിച്ച് മറ്റ് ശബ്ദങ്ങളെ മറയ്ക്കാൻ സഹായിക്കും.
- ഇയർപ്ലഗ്ഗുകൾ: ഉറങ്ങുമ്പോഴോ പഠിക്കുമ്പോഴോ ഉപയോഗിക്കാം.
- ശബ്ദം ആഗിരണം ചെയ്യുന്ന വസ്തുക്കൾ: കർട്ടനുകൾ, കാർപ്പറ്റുകൾ, ചുമർ പാനലുകൾ എന്നിവ ഉപയോഗിച്ച് മുറികളിൽ ശബ്ദം കുറയ്ക്കാം.
സാമൂഹിക ബോധവൽക്കരണം
- സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം: ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ വിവരങ്ങൾ പങ്കുവെയ്ക്കാം.
- സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ: വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാം.
- പ്രാദേശിക കൂട്ടായ്മകൾ രൂപീകരിക്കൽ: നാട്ടുകാരെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ നടത്താം.
- ലഘുലേഖകൾ, പോസ്റ്ററുകൾ വിതരണം: ശബ്ദമലിനീകരണത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാം.
- പരിസ്ഥിതി സംഘടനകളുമായി സഹകരണം: നിലവിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാം.
Chapter – 10
അന്താരാഷ്ട്ര ജേർണലുകൾ
ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള പ്രധാന സാങ്കേതിക വിവരങ്ങൾ താഴെ കൊടുക്കുന്നു:
- Effects of Loudspeaker Noise on Hearing Loss: Noise & Health (2009) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 85 dB-ൽ കൂടുതലുള്ള ശബ്ദങ്ങൾ ദൈർഘ്യമേറിയ സമയത്തേക്ക് കേൾക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തി. കൂടാതെ, കൂടുതലോ കുറച്ചോ നേരം പ്രശ്നമല്ല, കേൾവി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
- Hearing Impairment due to Environmental: Noise Pollution Environmental Research (2012) ജേർണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, പരിസ്ഥിതി ശബ്ദമാലിന്യവും ലൗഡ്സ്പീക്കർ ശബ്ദങ്ങളും സംയുക്തമായി മൂർഛിച്ചാൽ കേൾവി നഷ്ടപ്പെടാനും സ്ട്രൈസ് നാഡികളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി. മിക്കവാറും 85-90 dB ഉള്ള ശബ്ദങ്ങൾ തന്നെ കൂടുതൽ അപകടകാരിയാണ്.
- Occupational Noise Exposure and Hearing Loss: Journal of Occupational Health (2015) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, വ്യവസായമേഖലയിൽ 85 dB-ൽ കൂടുതൽ ശബ്ദമാലിന്യത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ 25-30% പേർക്ക് കേൾവി നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വ്യവസായ ശാലകളിലെ ശബ്ദമാലിന്യത്തെ തടയാൻ ഇയർ പ്ലഗ്ഗുകൾ അത്യാവശ്യം.
- Impact of High-Intensity Sound on Auditory System: The Journal of the Acoustical Society of America (2017) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 100 dB-ൽ കൂടുതൽ ശബ്ദം ഉള്ള സിസ്റ്റങ്ങളുടെയും സംഗീത പരിപാടികളുടെയും കാരണമായി കുറഞ്ഞകാലത്ത് കേൾവി നഷ്ടം സംഭവിക്കാവുന്ന സാധ്യതയെപ്പറ്റി പഠനം നടത്തി. കോവിഡ്-19 പാൻഡമിക് കാലഘട്ടത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരിൽ ശബ്ദമാലിന്യത്തിന്റെ പ്രഭാവം കൂടുതലായി കണ്ടതായി പഠനം കണ്ടെത്തി. ഇത് റസിഡൻഷ്യൽ ഏരിയായിലെ ശബ്ദമലിനീകരണ തോത് ഉയർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.
- Preventive Measures for Noise-Induced Hearing Loss: Hearing Research (2020) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ശബ്ദമാലിന്യത്തെ ചെറുക്കാൻ ഇയർ പ്ലഗ്ഗുകൾ, ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ, ശബ്ദ ഇൻസുലേഷൻ ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനം നടത്തി.
- Noise Pollution from Loudspeakers: A Case Study in Delhi Noise Pollution from Loudspeakers: A Case Study in Delhi എന്ന പഠനം 2018-ൽ ദില്ലി, ഇന്ത്യയിൽ നടത്തിയപ്പോൾ, രാത്രിയിൽ വസതിഗൃഹങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ അളവിനേക്കാൾ കൂടുതലായിരുന്നു ലൗഡ്സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം.
- The Impact of Noise Pollution on Human: Health 2020-ൽ ലണ്ടൻ, യുകെയിൽ നടത്തിയ The Impact of Noise Pollution on Human Health എന്ന പഠനത്തിൽ, ലൗഡ്സ്പീക്കർ ശബ്ദം ഉറക്കക്കുറവ്, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു.
- Noise Pollution and Its Effects on Wildlife Noise Pollution and Its Effects on Wildlife എന്ന പഠനം 2019-ൽ ന്യൂയോർക്ക്, യുഎസ്എയിൽ നടത്തിയപ്പോൾ, ലൗഡ്സ്പീക്കർ ശബ്ദം മൃഗങ്ങളുടെ ആശയവിനിമയം, പ്രത്യുത്പാദനം, ദിശാബോധം എന്നിവയെ ബാധിക്കുന്നു.
- A Study of Noise Pollution in Urban Areas A Study of Noise Pollution in Urban Areas എന്ന പഠനം 2017-ൽ ടോക്യോ, ജപ്പാനിൽ നടത്തിയപ്പോൾ, ടോക്യോയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളിൽ നിന്നും ലൗഡ്സ്പീക്കറുകളിൽ നിന്നും ഉണ്ടാകുന്ന ശബ്ദം WHO നിർദ്ദേശിച്ച പരിധിയേക്കാൾ കൂടുതലായിരുന്നു.
- The Effects of Noise Pollution on Children’s Cognitive Development The Effects of Noise Pollution on Children’s Cognitive Development എന്ന പഠനം 2021-ൽ മുംബൈ, ഇന്ത്യയിൽ നടത്തിയപ്പോൾ, സ്കൂളുകൾക്ക് സമീപത്തുള്ള ലൗഡ്സ്പീക്കറുകൾ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.
- Noise Pollution and its Impact on Sleep Quality Noise Pollution and its Impact on Sleep Quality എന്ന പഠനം 2018-ൽ സിയോൾ, ദക്ഷിണ കൊറിയയിൽ നടത്തിയപ്പോൾ, ലൗഡ്സ്പീക്കർ ശബ്ദം ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
- The Relationship Between Noise Pollution and Mental Health The Relationship Between Noise Pollution and Mental Health എന്ന പഠനം 2020-ൽ ബെർലിൻ, ജർമ്മനിയിൽ നടത്തിയപ്പോൾ, ലൗഡ്സ്പീക്കർ ശബ്ദം ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.
- Noise Pollution and its Impact on Property Values Noise Pollution and its Impact on Property Values എന്ന പഠനം 2019-ൽ സാൻഫ്രാൻസിസ്കോ, യുഎസ്എയിൽ നടത്തിയപ്പോൾ, ലൗഡ്സ്പീക്കർ ശബ്ദമലിനീകരണം ഉള്ള പ്രദേശങ്ങളിലെ വീടുകളുടെ വില കുറവാണ്.
- A Comparative Study of Noise Pollution in Different Cities A Comparative Study of Noise Pollution in Different Cities എന്ന പഠനം 2017-ൽ ലോസ് ഏഞ്ജലസ്, യുഎസ്എ; ലണ്ടൻ, യുകെ എന്നിവിടങ്ങളിൽ നടത്തിയപ്പോൾ, ലോകത്തിലെ വ്യത്യസ്ത നഗരങ്ങളിലെ ശബ്ദമലിനീകരണത്തിന്റെ തോത് തമ്മിലുള്ള താരതമ്യം നടത്തി.
- Noise Pollution and its Impact on Tourism Noise Pollution and its Impact on Tourism എന്ന പഠനം 2021-ൽ ബാങ്കോക്ക്, തായ്ലൻഡിൽ നടത്തിയപ്പോൾ, ലൗഡ്സ്പീക്കർ ശബ്ദം ഒരു പ്രദേശത്തെ സഞ്ചാരികളെ ആകർഷിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.
Chapter – 11
ബോധവൽക്കരണ പരിപാടികൾ
- സ്കൂൾ, കോളേജ് തലത്തിലുള്ള ക്ലാസുകൾ: ഇത് യുവജനങ്ങളിൽ നേരത്തെ തന്നെ അവബോധം സൃഷ്ടിക്കാൻ സഹായിക്കും.
- ആരോഗ്യവകുപ്പുമായി ചേർന്നുള്ള ബോധവത്കരണ പ്രോഗ്രാമുകൾ: ഇത് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വിദഗ്ധ അറിവ് പങ്കുവയ്ക്കാൻ സഹായിക്കും.
- ഓടുന്ന വാഹനങ്ങളിലെ ശബ്ദഉപകരണങ്ങൾക്കെതിരെയുള്ള ബോധവത്കരണം: ഇത് ശബ്ദമലിനീകരണം കുറയ്ക്കാൻ സഹായിക്കും.
- പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ: ഇത് വിശാലമായ ജനവിഭാഗത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും.
- സോഷ്യൽ മീഡിയ പ്രചാരണങ്ങൾ: ഇത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കും.
നഗരങ്ങളിൽ ശബ്ദനിരീക്ഷണ സംവിധാനങ്ങൾ:
- ഇത് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ശബ്ദനില തുടർച്ചയായി അളക്കാൻ സഹായിക്കും.
- ഇതുവഴി ഏതു സമയത്ത്, ഏതു സ്ഥലത്താണ് ശബ്ദമലിനീകരണം കൂടുതലെന്ന് കണ്ടെത്താനാകും.
- ഈ വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയും.
ട്രാഫിക് സിഗ്നലുകളിൽ ഡെസിബൽ ഡിസ്പ്ലേകൾ:
- ഇത് വാഹനചാലകർക്ക് അവരുടെ വാഹനത്തിന്റെ ശബ്ദനില നേരിട്ട് കാണാൻ സഹായിക്കും.
- ഇത് ഓരോ വ്യക്തിയിലും ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കും.
- അമിതമായ ശബ്ദം പുറപ്പെടുവിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനും ഇത് സഹായിക്കും.
നോ ഹോൺ സോണുകൾ:
- ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ ഹോൺ ഉപയോഗം നിരോധിക്കുന്നു.
- ഇത് ശബ്ദസംവേദനക്ഷമത കൂടുതലുള്ള പ്രദേശങ്ങളിൽ ശാന്തത നിലനിർത്താൻ സഹായിക്കും.
- ഈ മേഖലകളിലൂടെ കടന്നുപോകുമ്പോൾ വാഹനചാലകർ കൂടുതൽ ശ്രദ്ധാലുക്കളാകാൻ ഇത് പ്രേരിപ്പിക്കും.
- നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
നിശബ്ദ മേഖലകൾക്ക് വ്യക്തമായ ബോർഡുകൾ:
- നിശബ്ദ മേഖലകൾ തിരിച്ചറിയുക; നിശബ്ദ മേഖലകളിൽ ഇവ സ്ഥാപിക്കുക; ശബ്ദപരിധി നിശ്ചയിച്ച് നിയമം നടപ്പാക്കുക.
Chapter – 12
പരിഹാര മാർഗ്ഗങ്ങൾ – വിശദമായി
വ്യക്തിഗത തലത്തിൽ:
- ശബ്ദം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക
- വാഹനങ്ങളുടെ ഹോൺ ഉപയോഗം പരമാവധി കുറയ്ക്കുക
- വീടുകളിൽ ശബ്ദം തടയുന്ന സാമഗ്രികൾ ഉപയോഗിക്കുക
- പാട്ടുകളും റ്റി.വി. പ്രോഗ്രാമുകളും ശബ്ദനിയമങ്ങൾക്കനുസൃതമായി മാത്രം ഉപയോഗിക്കുക.
സമൂഹതലത്തിൽ:
- ശബ്ദമലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക
- പൊതുപരിപാടികളിൽ ശബ്ദനിയന്ത്രണം ഉറപ്പാക്കുക
- ഗ്രീൻ കോറിഡോറുകൾ സൃഷ്ടിക്കുക
- ലൌഡ്സ്പീക്കർ ഉപയോഗം ഇല്ലാതാക്കുക
സർക്കാർ തലത്തിൽ:
- കർശനമായ നിയമനടപടികൾ
- ലൌഡ്സ്പീക്കർ ഉപയോഗനിയന്ത്രണം കർശനമാക്കുക
- ശബ്ദമലിനീകരണ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കൽ
- പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ
- കുട്ടികളെയും സമൂഹത്തെയും ശബ്ദമലിനികരണത്തിനെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും പഠിപ്പിക്കുക.
- നിയന്ത്രണത്തിൽ കൊണ്ടുവരുന്നതുവരെ ബോധവത്രണം തുടരുക.
Chapter – 13
ഉപസംഹാരം
- ഭാവിതലമുറയ്ക്കായുള്ള പ്രതിബദ്ധത: നമ്മുടെ പ്രവർത്തനങ്ങൾ വരും തലമുറയെ ബാധിക്കും എന്ന തിരിച്ചറിവ്.
- വ്യക്തിപരമായ ഉത്തരവാദിത്വം: ഓരോ വ്യക്തിയും ശബ്ദമലിനീകരണം കുറയ്ക്കാൻ ശ്രമിക്കണം.
- സമൂഹത്തിന്റെ പങ്ക്: കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.
- മടിക്കേണ്ടതില്ല ഒപ്പം ഞങ്ങളുണ്ട്.
data source: